Sunday, September 16, 2012

വിമ്മിഷ്ട്ടം

"സുകുവേട്ടാ, ജീവിതത്തില്‍ സന്തോഷം മാത്രം മതിയോ?ഒരു കല്യാണമൊക്കെ കഴിക്കെണ്ടേ?"യെന്ന ഓര്‍ഡിനറിയിലെ വിറ്റില്‍ ചിരിക്കാത്ത ഭര്‍ത്താക്കന്മാരുണ്ടെങ്കില്‍ ഭാഗ്യവാന്മാര്‍..!

ദേരയിലെ ഹയാത്ത് റീജന്‍സിയിലെ ഗല്ലെരിയ സിനിപ്ലക്സില്‍ ഈ തമാശ കേട്ട് ഹൃദയം പൊട്ടി പൊട്ടി ചിരിച്ച ഒരു ഭര്‍ത്താവുണ്ട്..മിസ്റ്റര്‍ പോള്‍. നല്ല ചെളിയുള്ള പാടം കാണുമ്പോ താറാവുകള്‍ ആക്രാന്തം കൊണ്ട് കരയുന്ന പോലത്തെ മനോഹരമായ ചിരി കാരണം ചുറ്റുവട്ടത്തിരിക്കുന്നവരുടെ ശ്രദ്ധ പോളേട്ടനിലായി.  ഒരു പപ്പടം കാച്ചണ സമയത്തേക്ക്.  അവസ്ഥയും മനസ്സിലായിട്ടുണ്ടാവും!

അടുത്ത സെക്കന്റില്‍, പെട്ടെന്ന് ചിരി മാഞ്ഞ് ചാണകം ചവിട്ടിയ പോലുള്ള  പോളേട്ടന്റെ മുഖഭാവം കണ്ടിട്ട് ഇന്നലെ ലുലൂന്നു എല്‍സചേച്ചിക്ക് വാങ്ങി  കൊടുത്ത ഹൈഹീല്‍ഡു ചെരുപ്പ് കൊണ്ട് നല്ലൊരു തേമ്പ്  കിട്ടിയിരിക്കണം.  ചേച്ചി രൂക്ഷമായി  പോളേട്ടനെ നോക്കി.  ആള്‍ പിന്നിലെ വരിയിലിരിക്കണ എന്നെയും.  ആരെയും പെടിച്ചിട്ടൊന്നുമല്ലെങ്കിലും ഞാന്‍ ചിരിച്ചത്‌ വളരെ കണ്ട്രോള്‍ഡ് ആയിട്ടായിരുന്നു.അതിലും കണ്ട്രോള്‍ഡ് ആയിട്ടായിരുന്നു എന്റെ തൊട്ടടുത്ത്‌ ഭാര്യയോടൊപ്പമിരുന്ന വേറൊരു ഭാഗ്യവാന്‍ ചിരിച്ചിരുന്നത്.  ശ്രീനിവാസന്‍ ചിരിച്ച പോലെ ഒച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ !! മുഖമെല്ലാം വലിഞ്ഞുമുറുകി വളരെ ഡിപ്ലോമാറ്റിക്കായി..അതുവരെ ആര്‍ത്തലച്ച് ചിരിച്ചിരുന്ന ആളാ...

ഞാനും പോളേട്ടനെ നോക്കി പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ സെക്കന്റ്‌ ക്ലാസ് കിട്ടിയവന്‍ തോറ്റവനെ നോക്കണ പോലെ.  രംഗം ശാന്തമായി.  പോള്‍ തിരിഞ്ഞിരുന്നു.  അതിനു ശേഷം സെകന്റില്‍ ഒരു കഷണം വീതം തിന്നുകൊണ്ടിരുന്ന ഇന്റര്‍വെല്ലിനു വാങ്ങിയ 13ദിര്‍ഹത്തിന്റെ പോപ്‌കോണ്‍ ഒരു കഷണം പോലും തിന്നില്ല.പൊട്ടിച്ച 7അപ്പും കുടിച്ചില്ല.ഗ്യാസ് പോയി രണ്ടിന്റെയും.  

വീട്ടിലെത്തി.പ്രതീക്ഷിച്ചപോലെ പോളെട്ടന്റെ ഫോണെത്തി,
"എന്തായ് പോളേട്ടാ"
"അമേരിക്കക്ക് യുദ്ധം തുടങ്ങാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലോ?സദ്ദാം തുമ്മിയാലും പോരെ ?"
"നിങ്ങ ഫുഡ്‌ വല്ലതും കഴിച്ചോ?"
"കുത്താന്‍ നിക്കണ പോത്തിനോട് ചോറും കറീം ഉണ്ടാക്കിത്തരാന്‍ പറയാന്‍ പറ്റോ?ആ വാശിക്ക് കറാച്ചി ദര്‍ബാറീന്ന് നാനും മട്ടന്‍ പെഷവാരിയും തട്ടി"
"ഗുഡ്..സിസ്റ്റം കമ്പ്ലൈന്റ്റ്‌ ആണെങ്കിലും ഡൌണ്‍ലോഡിങ്ങിനു സ്പീഡ്‌ കുറവൊന്നും ഇല്ലല്ലോ?ഭാഗ്യം !!"  
"ഇനി"
"പോക്കിരികളും ഗുണ്ടകളുമായ അപ്പന്റെയും ആണ്‍ മക്കളുടെയും ബാക്കി ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളുല്ലോ?മത്ത കുത്ത്യാ കുമ്പളം മുളക്ക്യോ?
"കൂള്‍ ചേട്ടാ കൂള്‍ "  
ചെറിയൊരു കൊമ്മേഴ്സ്യല്‍ ബ്രേക്ക്‌ കൊടുത്ത് പോളേട്ടന്‍ ചോദിച്ചു
"അളിയാ നിന്നെ സമ്മതിചളിയാ ഞാന്‍ ആലോചിക്കാറുണ്ട് നിങ്ങളെങ്ങിനെ ഇത്ര സമാധാനത്തില്‍ കഴിയുന്നടെയ്‌?
"ഓഹ് അങ്ങിനോന്നുമില്ലിഷ്ട്ടാ,പരസ്പരസഹകരണവും ബഹുമാനവുമാണ് ദാമ്പത്ത്യത്തിന്റെ അടിത്തറ.അതങ്ങട് ശരിയായാ എല്ലാം ശരിയായി"
"എന്ന് വെച്ചാ"
ലൈഫിലെ വല്യ വല്യ കാര്യങ്ങള്‍ ഞാന്‍ ചിന്തിക്കുകയും തീരമാനമേടുക്കയും ചെയ്യുന്നു.ചെറിയ ചെറിയ കാര്യങ്ങള്‍ എല്ലാം അവള്‍ക്കു വിട്ടുകൊടുത്തിരിക്കുന്നു"
"എങ്ങിനെ"
"അതായത് നാട്ടിലേക്ക് എത്ര പൈസ അയക്കണം,ഏതു വണ്ടി വാങ്ങണം,ഓരോ മാസം എത്ര പൈസ ചിലവാക്കണം,ഓരോ ദിവസവും ആര് ഫുഡ്‌ ഉണ്ടാക്കണം,ഡ്രസ്സ്‌ ആര് കഴുകണം എന്നെല്ലാം തീരുമാനിക്കുന്നത് അവളാണ്"
"അപ്പൊ നീയോ"              
"ഞാന്‍ വല്യ വല്യ കാര്യങ്ങളായ, സാമ്പത്തികപ്രതിസന്ധി പരിഹരിക്കാതെ മത്സരിച്ചാല്‍ ഒബാമേട്ടന് പണി കിട്ടുമോ ?യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികപ്രതിസന്ധി ഈ നിലക്ക് പോയാ മ്മ്ളോട് പൈസ കടം ചോദിക്ക്യോ?പട്ടിക്ക് മീശ മുളച്ചാ അമ്പട്ടനെന്ത് കാര്യം എന്നപോലെ  എമേര്‍ജിംഗ് കേരള വന്നാ മ്മക്ക് എന്താ ഗുണം? ഇങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ ആലോചിക്കാറ്..ഇതില്‍ അവള്‍ എതിരഭിപ്രായം പറയാറുമില്ല അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാറുമില്ല.."

എന്തോ പുള്ളി ഫോണ്‍ കട്ട് ചെയ്തു.പിടിച്ചതിലും വല്ലിതാണല്ലോ ആളെല്ന്ന് വിചാരിചിട്ടുണ്ടാവും..!    
ഞാനാലോചിക്കുകയായിരുന്നു പോളേട്ടനെക്കുറിച്ച്.  ചെറുപ്പത്തില്‍ എന്തൊരു നല്ല കുരുത്തംകെട്ട മോനായിരുന്നു..!!  വീട്ടില്‍ അപ്പന്റെ കയ്യില്‍ പൂത്ത കാശുണ്ടായിരുന്നെങ്കിലും വല്ലവന്റെയും മാവില്‍ കല്ലെറിയാനും അനശ്വരബസ്സിന് മുളക്കമ്പ് ചെത്തി ചാണകത്തില്‍  അള്ള്വെക്കാനും ദേവദാരുവും വാകമരവും ഫേഷന്‍ ഫ്രൂട്ടും പൂത്ത് നില്‍ക്കണ അവന്റെ വീടിനടുത്തുള്ള ഇടവഴിയില്‍ ചതിക്കുഴിതീര്‍ത്ത്‌ മറ്റുള്ളവരെ വീഴ്ത്താന്‍ എന്തൊരുത്സാഹമായിരുന്നു.  ആഹ് അതൊക്കെ അന്ത കാലം..!!

അത് മാത്രമല്ല ഏതൊരു കാര്യത്തിലും വാശിയുടെ കാര്യത്തില്‍ പോളേട്ടനെ വെട്ടിക്കാന്‍ ഞങ്ങടെ ജെനെറേഷനില്‍ ആണായിപ്പിറന്നവരില്‍ ആരുമുണ്ടായിരുന്നില്ല.  എന്നിട്ടും ചന്തുവിന്റെ അവസ്ഥ കണ്ടില്ലേ.. എല്‍സചേച്ചിയെ കെട്ടിയതിന് ശേഷം ഇറച്ചിക്കടെയെ ചുറ്റിപ്പറ്റി നിക്കണ നാടന്‍ പട്ടിയെ പോലായില്ലേ ജീവിതം.

നടി ഉണ്ണിമേരിയുടെ കടുത്ത ആരാധകനായിരുന്ന പോളേട്ടന്‍ പോയി ക്കണ്ട 34 പെണ്‍കുട്ടികളിലൊന്നും ഉണ്ണിമേരിയുടെ കണ്ണില്ല,മൂക്കില്ലാ,ലൂക്ക്സില്ല എന്നൊക്കെപ്പറഞ്ഞു മഹാമനസ്കതയോടെ ചായയും ബ്രിട്ടാനിയയുടെ ആരോറൂട്ട് ബിസ്ക്കറ്റും തിന്നു നടക്കണ സമയത്താണ് ഞങ്ങളെല്ലാവരും കൂടി ചാലക്കുടി അമ്പ് കാണാന്‍പോയത്‌.  പോളെട്ടന്റെ ജീപ്പിന്റെ മുകളിലും സൈഡിലും പിന്നിലുമൊക്കെയായി തൂങ്ങിപ്പിടിച്ച് 29 പേര്‍.  നല്ല കുണ്ടും കുഴിയുമുള്ള ചാലക്കുടി റൂട്ടില്‍ പൂക്കാവടി ആടണപോലെ പോയ ജീപ്പീന്ന് ഒരു പൂവും കൊഴിഞ്ഞുപോകാതെ ഭാഗ്യം കൊണ്ടുമാത്രം ചാലക്കുടിയെത്തി.  വണ്ടി നിന്നത് മാര്‍ക്കെറ്റ്‌ ജങ്ങ്ഷനിലെ ഒരു ഫ്രൂട്ട്സ്കടയുടെ മുമ്പില്‍.  മാലബള്‍ബ്‌ ഇട്ട്‌ അലങ്കരിച്ചിരുന്ന ആ കടയില്‍ വലിയൊരു റോബസ്റ്റ്കുല തൂക്കിയിട്ടതിനു തൊട്ടടുത്ത് നിന്നിരുന്ന ഒരു നെടുവരയന്‍ സുന്ദരിയില്‍ ആദ്യനോട്ടത്തില്‍ തന്നെ പോളേട്ടന്‍ അനുരാഗ് ബസുവായി !

നിമിഷനേരത്തെ സെര്‍ച്ചിംഗ് കൊണ്ട്തന്നെ പെണ്‍കുട്ടിയുടെ വീടിന്റെ ഐപി അഡ്രസ്സും കോണ്‍ഫിഗറേഷനും അവൈലബിളായി.  മെമ്മറി കപ്പാസിറ്റി വരെ ബാരാബര്‍ ആയ സ്ഥിതിക്ക് വീട്ടുകാരുമായി ആലോചിച്ചു പെണ്ണ്കാണാന്‍ പോകുന്നതിനു തൊട്ടുമുമ്പാണ് പെണ്‍കുട്ടിയുടെ സി ഡ്രൈവ് നാട്ടിലെ മറ്റൊരു പയ്യനുമായി ഷെയെര്‍ഡ് ആണെന്നും അവളുടെ മൈ ഡോകുമെന്റ്സ് മുഴുവനും അവന്റെ  JPEG ഫയലാല്‍ നിറഞ്ഞിരിക്കുയാണെന്നും ഒരു അനോണി മെസ്സേജ് കിട്ടിയത്‌.

"ഇത് വേണ്ട്രാ,മ്മക്ക് വേറെ നോക്കടാ"ന്നു എല്ലാരും പറഞ്ഞെങ്കിലും കല്യാണം കഴിഞ്ഞു സിസ്റ്റം ഒന്ന് ഫോര്‍മാറ്റ്‌ ചെയ്‌താല്‍ ശരിയാകും എന്നും പറഞ്ഞു ഡ്രീം ഗേളിനെ കാണാന്‍ പോയത്‌ വളരെ ശുഭപ്രതീക്ഷയിലായിരുന്നു.  പെണ്ണിനെയും കണ്ടുകഴിഞ്ഞു സമ്മതം ആണെന്നറിയിക്കാന്‍ ചായയുടെ അവസാന സിപ്പും എടുക്കുന്നതിനിടയിലാണ് മൂലമറ്റം പവര്‍ഹൌസില്‍ നിന്നും ശക്തമായൊരു തിരയിളക്കത്തിന്റെ സുനാമിയലകള്‍ മെടുലഒബ്ലാങ്ങേറ്റയില്‍ അടിച്ചുകയറിയത്.  സംഗതി പന്തിയല്ലാന്നു കണ്ട് മൂന്നാനെ നോക്കിയപ്പോഴേക്കും "പിന്നെ ശരിയാക്കിത്തരാട്ട്രാ"ന്ന് പറഞ്ഞു മൂന്നാനും ഒരു പ്രത്യേക ഷെയ്പ്പില്‍ ഓടി ജീപ്പിക്കയറി.  കൂടെ വന്ന എളെപ്പന് ഒന്നും മനസ്സിലായില്ലെങ്കിലും ആളെയും കേറ്റി ജീപ്പ്‌ ഒരു പുഷ്പകവിമാനം പോലെ പറന്നു.

ഉണ്ണിമേരിയോടുള്ള ഇഷ്ട്ടംകൊണ്ട് അനോണി മെസ്സേജ് വരെ തള്ളികളഞ്ഞ സ്ഥിതിക്ക് കല്യാണം നടക്കുമെന്നുറപ്പായപ്പോ വല്ലഭന് പുല്ല് എന്നപോലെ അന്നക്കുട്ടിക്ക് വിമ്മും ഒരായുധമായി.   അങ്ങിനെ അന്നമനട മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള എല്ലാ തോട്ടിന്‍വക്കത്തും ഇരുന്ന് വൃത്തികേടാക്കി എന്ന വേള്‍ഡ് റെക്കോര്‍ഡ്‌ പോളെട്ടനും മൂന്നാന്‍ അബ്ദുക്കാക്കും സ്വന്തമായി.

ഇത് നാട്ടിലെങ്ങും പാട്ടായി..പോളെട്ടന് വട്ടായി..ഈ ഒരു വാശിക്കാണ് എല്‍സചേച്ചിയെ അന്നമനടേന്ന് തന്നെ കെട്ടിയത്‌.  അതോടുകൂടി ഒട്ടേറെ ഭാഗ്യങ്ങള്‍ ആളെ തേടിയെത്തി.  ഈ അന്നക്കുട്ടി എല്‍സചേച്ചിയുടെ ക്ലാസ്സ്‌മേറ്റും അകന്നബന്ധുവാണെന്നതും, പിന്നീട് ഈ സംഭവം എങ്ങിനെയോ എല്‍സചേച്ചി അറിയാനിടവന്നതും, അതിനുശേഷം കടവുള്‍മാതിരിയിരുന്തയാള്‍ കോമാളിയായിമാറിയതും, ജീവിതം തന്നെ എല്‍സയുടെ കാല്‍ക്കീഴിലായതും കേരളയുടെ ബംബറടിച്ചവന് പിന്നെയും പിന്നെയും പ്രോത്സാഹന സമ്മാനമടിച്ചപ്പോലെയായിരുന്നു.

പിറ്റേ വെള്ളിയാഴ്ച ക്രീക്കില്‍ ക്രിക്കെറ്റ്കളിക്കാന്‍ പോരുന്നുണ്ടോന്നറിയാന്‍ പോളെട്ടന്റെ ഫ്ലാറ്റില്‍ ചെന്ന ഞാന്‍ ഞെട്ടിപ്പോയി.  കല്യാണത്തിനുമുമ്പുള്ള ഊര്‍ജ്ജസ്വലനായ പോളായി മാറിയിരിക്കുന്നു.  എല്‍സചേച്ചിയാണെങ്കില്‍ കിച്ചെണില്‍ പൊരിഞ്ഞപണിയിലും.സാധാരണയായി ഒരു മണിക്കൂര്‍ കളിക്കാന്‍ വരുന്നതിന് ഒരു ദിവസത്തെ മുഴുവന്‍ പണിയും എടുത്ത്തീര്‍ത്തിരുന്ന ആളാ..മാത്രമല്ല എല്‍സചേച്ചിയോട് "ബാറ്റ്എവിടെ ബോളെവിടെ"ന്നു ചോദിച്ചു മെരട്ടുന്നുമുണ്ട്.  സ്റ്റമ്പിനു കുത്തിയാപ്പോലും "ക..മാ"ന്നു ഒരക്ഷരം മിണ്ടാത്ത ആളാ..

"എല്‍സചേച്ചി കാര്യമായിട്ട് പണിയിലാണല്ലോ" എന്ന് ഞാന്‍ ചോദിച്ചപ്പോ "മരിക്കാനായിട്ടു ആര്‍ക്കായാലും പേടിണ്ടാവില്ലെടാ ചെക്കാ"ന്ന് പറഞ്ഞതില്‍ എന്തോ ഒരിത് ഇല്ല്യെ?നല്ല മുട്ടന്‍ പണി പോളേട്ടന്‍ എല്‍സചേച്ചിക്ക് ക്ഷമകേട്ടപ്പോ കൊടുത്തൂന്ന് ഞാന്‍ ഉറപ്പിച്ചു.
കാറില്‍ കേറാന്‍ പോണവഴി പോളേട്ടനോട് ചോദിച്ചു"എന്താ സംഭവം?എന്തുട്ടാണ്ടായെ?
"ഏയ്‌ ഒന്നൂല്ലെടാ മ്മടെ അന്നക്കുട്ടി ഇവിടെ വന്നപ്പോ എല്ലാം ശരിയായി"
"ഏത് അന്നമനടെലെ ഉണ്ണിമേര്യോ?
"അതന്നെ, കഴിഞ്ഞമാസം ദുബായില്‍ വന്നൂല്ലോ..മൂന്നാല് ദിവസം മുമ്പ് ഫ്ലാറ്റില്‍ വന്നിരുന്നു"
"എന്നിട്ട്?"
"മൂന്നു തുള്ളി കംഫര്‍ട്ട്, മൂന്ന് ദിവസം ദുബായ് ഹോസ്പിറ്റലില്‍ ആയിരുന്നു..ഉണ്ണിമേരീടെ കൊടല് വരെ പുറത്ത്‌ വന്നൂന്നാ കേട്ടേ.."

രണ്ടു സെക്കന്റ്‌ നിശബ്ദതക്ക് ശേഷം പിന്നെ കൊടല് പുറത്ത്‌വന്നത് ഞങ്ങളുടെയായിരുന്നു..ചിരിച്ചിട്ട്

പണി പാമ്പായും പരുന്തായും വരുമെന്ന് കേട്ടിട്ടുണ്ട്.പക്ഷെ വിമ്മായിട്ടും..?