Wednesday, May 16, 2012

യൂത്ത്‌ഫെസ്റ്റിവല്‍

കോണ്‍വെന്റിലെ യൂത്ത്ഫെസ്റ്റിവല്‍ എന്ന് പറഞ്ഞാല്‍  കണ്ണാടിയുടെ പിന്നിലെ മെര്‍കുറി ചുരണ്ടി സ്കൂളിന്റെ മതിലിനോട് ചേര്‍ന്ന് നില്‍കുന്ന അക്കെഷ്യാ മരം ആണിയടിച്ച് അതില്‍ ഇന്‍സേര്‍ട്ട് ചെയ്തു മരം ഉണക്കല്‍, മിനി സ്റ്റഡിയത്തിന്  പിന്നിലെ കൊലച്ചവാഴയില്‍നിന്നും കോടപ്പിലാകുന്നന്റെ പെടല അടിച്ചുമാറ്റി റബ്ബര്‍കുഴിയില്‍ ഇട്ടു പഴുപ്പിച്ചു തിന്നല്‍ തുടങ്ങിയ ക്ലീഷേകളില്‍ നിന്നും മാറി കലാമത്സരങ്ങളില്‍ കഴിവുതെളിയിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത് "സെവെന്‍ ഡി"യില്‍ പഠിക്കുമ്പോഴായിരുന്നു

വഹാബണ്ണന്റെ ഐസ്ക്രീമിന് മേലെ ഇരിക്കുന്ന ചെറിപ്പഴം പോലെ ലഡ്ഡുവിന് മേലെയിരിക്കുന്ന ഉണക്കമുന്തിരി പോലെ വെള്ളിക്കുളങ്ങരയെന്ന മെട്രോപോളിടിന്‍ വില്ലജിന്റെ തിലകക്കുറിയായിരുന്നു കോണ്‍വെന്റ് സ്കൂള്‍.

ജിയോഗ്രഫികല്ലി കൃത്യമായി പറഞ്ഞാല്‍ വെള്ളികുളങ്ങരയില്‍നിന്നും ചാലക്കുടി റൂട്ടില്‍ മാതാ തിയേറ്റര്‍ കഴിഞ്ഞുള്ള ആദ്യത്തെ ലെഫ്റ്റ്‌ എടുത്തു പിന്നെ കിട്ടുന്ന കയറ്റത്തില്‍  ഓട്ടോറിക്ഷ  ഫസ്റ്റ് ഗിയര്‍ ഇടുന്ന സ്ഥലത്താണ് മ്മടെ സ്കൂള്‍  

ഇന്ത്യയിലെ നമ്പര്‍ വന്‍ സ്കൂളുകള്‍ ഉള്ള ഊട്ടിയിലെ സ്കൂളുകളുടെ പ്രൌഡിയും പത്രാസും അവിടുത്തെ ടീചെഴ്ന്റെയും മദര്‍മാരുടെയും ആത്മാര്‍ത്ഥതയും സ്നേഹവും കൊണ്ട് ഏഴാം ക്ലാസ്സില്‍ പടിയിറങ്ങുന്ന പൂവന്മാര്‍ക്കും പത്തില്‍ ഔട്ടാവുന്ന പെടകള്‍ക്കും ഇത്തിരി അഹങ്കാരവും ഒത്തിരി ഓര്‍മ്മകളും ഈ സ്കൂള്‍ സമ്മാനിച്ചിരുന്നു

കഴിഞ്ഞ രണ്ടു തവണയും യൂത്ത്‌ ഫെസ്റ്റിവലിന്റെ പിറ്റേ ആഴ്ചമുഴുവന്‍ ക്ലാസ്‌മുറിയുടെ വരാന്തയിലും മെയിന്‍സ്റ്റേജിനു പിന്നിലുമായി സ്വന്തവും ഷയറിട്ടതുമായ കുരുത്തകേടിന്റെ പേരില്‍ പോക്കറ്റടികേസില്‍   പോലീസ് സ്റ്റേഷനില്‍ നില്‍ക്കണ പോലെ ക്ലാസിനു പുറത്തുനിന്നതിനാലും പണ്ടേ ദുര്‍ബല ഇപ്പൊ ഗര്‍ഭിണി എന്ന മാതിരി മ്മടെ ക്ലാസ്സിലെ പെണ്‍കുട്ട്യോള്‍ക്കോ മ്മളെ വിലയില്ല എന്നാ പുറത്തു നിന്നതോടുകൂടി അയല്വക്ക ക്ലാസ്സിലെ ഐശ്വര്യാ റായിമാരും മാധുരി ധീക്ഷിത്തുമാരും കൂടി ഞങ്ങളെ കാണുമ്പോ ഡോബര്‍മാന്‍ നാടന്‍പട്ടിയെ നോക്കണപോലെ  നോക്കിയപ്പോ നെഞ്ച് കലങ്ങിയതിനാലും കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ആരാധികമാര്‍ ഏറിവരുന്നത് ഞങ്ങള്‍ റിയലൈസ് ചെയ്തതിനാലും  അടുത്തവര്‍ഷം യൂത്ഫെസ്റ്റിവലിനു ഒരു കലക്ക് കലക്കാന്‍ തന്നെ എല്ലാവരും തീരുമാനിച്ചു.

അതില്‍ ഏറ്റവും ഇന്റെറസ്റ്റ്‌ എടുത്തത്‌ കോടാലിയില്‍ പലചരക്ക് കട നടത്തുന്ന ചന്ദ്രേട്ടന്റെ മോന്‍ സോമന്‍ ആയിരുന്നു.ഗാങ്ങിലെ ഏറ്റവും പടിപ്പിസ്റ്റ്‌,പതിനഞ്ചാം റാങ്കുകാരന്‍,തത്തമ്മചുണ്ടന്‍,പുഷ്പന്‍ ..

വെസ്റ്റിന്‍ഡിസ്  പേസ് ബൌളര്‍ കമ്മിന്‍സിന്റെ മാതിരി ഞെളിഞ്ഞ് നെഞ്ചുന്തി സ്വാഭാവികമായും നടുഭാഗം ഏകദേശം ഡീസല്‍ എന്‍ജിന്‍ഓട്ടോയുടെ പിന്‍ഭാഗം പോലിരിക്കുന്ന ഈ മൊതല് ടൈറ്റുള്ള നീല ബാഗി ജീന്‍സും മഞ്ഞ ടിഷര്‍ട്ടും ഇട്ടുവന്നപ്പോ ജാക്കി ഷെറോഫിന്റെ പോലുണ്ടെന്നു പറഞ്ഞതിന് പല്ലുമിട്ടായിയും മാങ്ങാ അച്ചാറും വാങ്ങി തന്നതിന് ശേഷം എല്ലാ വെള്ളിയഴ്ചയും (ടി ദിവസം യുനിഫോമില്ല) സല്‍മാന്‍ ഖാനും അനില്‍ കപൂറും പേരറിയാവുന്ന സ്റ്റാറുകളോക്കെയും  ആയിത്തീര്‍ന്നു

മുള്ളന്‍പന്നിക്ക് ദേഷ്യം വന്നപോലത്തെ മുടി കാബൂളിവലയിലെ വിനീതിന്റെ പോലുണ്ടെന്ന് പറഞ്ഞപ്പോ ഞങ്ങളൊന്നും മിണ്ടാതിരുന്നത് ഇങ്ങനെ ചില ഉപകാരമോക്കെയുള്ളത് കൊണ്ടായിരുന്നു

ചെമ്പുചിറയിലുള്ള  കലാതിലകം കത്രീന കൈഫിനെ ചുള്ളന്‍ ലൈനാക്കാന്‍ കോടലിയിലുള്ള ഭഗവതീ ഭഗവാന്മാരോന്നും പോരാഞ്ഞ് ചെമ്പ്ചിറവരെ പോയി മിക്ക ദിവസവും തോഴിതിട്ടും ഒളിമ്പിക്സിനു പോയ ഇന്ത്യാക്കാരെപോലെ സൈക്കിള്‍ ചവിട്ടി തിരിച്ചു വരുമ്പോഴാണ് കലാപരമായി ഒന്ന്"മുട്ടി" നോക്കാന്‍ തീരുമാനിച്ചതും യൂത്ത്‌ഫെസ്റ്റിവല്‍ ലാക്കാക്കി  സിനിമാറ്റിക് ഡാന്‍സ് പ്രക്ടിസ് ആരംഭിച്ചതും.

മുക്കാല മുക്കബുല വെച്ചിട്ടുള്ള പ്രക്ടിസുമായി സോമനും ഷുവര്‍ ബെറ്റ്‌ള്ള ഇനങ്ങളായ എബിസി,കോട്ടാ,കപ്പുതട്ടി എന്നിവ ഇല്ലാത്തതിനാല്‍ മെഡല്‍ പ്രതീക്ഷ ഇല്ലാത്ത ഇനങ്ങളായ ക്വിസ്,സമൂഹഗാനം,കഥയെഴുത്ത് എന്നിവയില്‍ ഞങ്ങളും മുന്നോട്ടു പോയി

അങ്ങിനെ ഏഴാം ക്ലാസ്സിലെ യൂത്ത്‌ ഫെസ്റ്റിവല്‍ ദിനം വന്നെത്തി. ജപ്പാനില്‍ നിന്നും ചൈന വഴി തോരണമിട്ട വേദിക്ക്മേലെ സൂര്യേട്ടന്‍ ഉദിച്ചുയര്‍ന്നുനിന്നു.                            

കലാപരിപാടികള്‍ ആരംഭിച്ചു.മോഹിനിയാട്ടം കുച്ചു ഭാരത്നട്ട്യം തുടങ്ങിയ ട്രഡീഷണല്‍ കലകള്‍ കല്യാണത്തിന് വെജിറ്റബിള്‍ ബിരിയാണി കണ്ട നാട്ടുകാരെപോലെ വേണോ വേണ്ടയോന്നാലോചിച്ചു കണ്ടവര്‍ ഗ്ലാമര്‍ ഇനങ്ങളായ ബ്രേക്ക്‌ ഡാന്‍സ് സിനിമാറ്റിക് ഡാന്‍സ് മിമിക്രി മോണോ ആക്ട്‌ തുടങ്ങിയവക്കായി കാത്തിരുന്നു.

എനിക്കായിരുന്നു സോമന്റെ മേക്കപ്പിന്റെ ഫുള്‍ചുമതല. മാര്‍ഗംകളിക്കും തിരുവാതിരകളിക്കും "മദ്രാസ്സില്‍ നിന്നും വന്ന" ഡാന്‍സെഴ്സിന്റെ  പരമാവധി മേക്കപ്പ് സാധനങ്ങള്‍ പുതിയ വീടിനു ആദ്യത്തെ കോട്ട് വൈറ്റ്വാഷ്‌ അടിക്കുന്നപോലെ വാരിപൂശിയപ്പോ തന്നെ ഏതാണ്ട് ചന്തുപൊട്ടു പോലിരിക്കണ സോമന്റെ മുഖം മായാമോഹിനിയെപോലെയായി

അതിനിടയില്‍ സിനിമാറ്റിക്ഡാന്‍സിനു മത്സരിക്കുന്നവരുടെ പേര് അന്നൌണ്‍സ് ചെയ്തതില്‍ സോമന്റെ പേരും കേട്ടോട്കൂടി ഹെഡ്സെറ്റ്‌ ചെവിട്ടില്‍ വെച്ച് പിന്‍ കറണ്ടിന്റെ  പ്ലഗില്‍ കുത്തിയപോലെ ചെറുതായുണ്ടായിരുന്ന വിറ അപസ്മാരം പോലെ ടോപ്‌ ഗിയറിലെത്തി..ധൈര്യവാന്‍

അങ്ങിനെ സോമന്റെ ഊഴമെത്തി. മുക്കാല മുക്കാബുല വെച്ച് തകര്‍ത്തു തുടങ്ങി സോമന്‍. ആദ്യത്തെ മൂന്നു സ്റ്റെപ്പിനു ശേഷമുള്ള ഇടതുകാല് പൊക്കിചാടിയ ആ പോസിലാണ് ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്...വേലിപ്പത്തലില്‍ ശീര്‍ഷാസനം ചെയ്യുന്ന പച്ചിലപാമ്പിന്റെ തലപോലെ എന്തോ ...സൂക്ഷിച്ചു നോക്കി..അതു തന്നെ  ..എന്റെ പുണ്യാളാ എന്താ ഈ കാണണെ.. കോഴിമുട്ടപ്പാറ ഉരുണ്ടുവന്നു എല്ലാരും ഒടെണെന്നാഗ്രഹിച്ചു ..   ഈ നാട്ടാപ്പറ വെയിലത്ത്‌ വലിയോരിടിവെട്ടി കറന്റ് പോയി ഈ പാട്ടൊന്നു നില്‍ക്കണേന്നാശിച്ചു..സ്റ്റേജിനു നടുവിലെ പലക  ഒടിഞ്ഞു സോമന്‍ നിലത്ത്പോണേന്നു പ്രാര്‍ത്ഥിച്ചു...  സോമന്‍ സിബ്ബിട്ടിട്ടില്ല...കത്രീന കൈഫ്‌ ലൈനായില്ലെങ്കിലും സ്കൂളിന്റെ പേര് പോവല്ലെന്ന് നെടുവീര്‍പ്പിട്ടുകൊണ്ട്  തലയില്‍ കൈവെച്ച് മര്‍മ്മത്തില്‍ നോക്കിനില്‍ക്കുന്ന എന്റെ നോട്ടത്തില്‍ എന്തോ പന്തികേട് തോന്നി തപ്പി നോക്കിയ സോമന്റെ മുഖം ബൌള്‍ ചെയ്യുമ്പോള്‍ മുത്തയ്യാമുരളീധാരന്റെ മുഖം പോലാവുകയും ഒന്നും സംഭവിക്കാത്തത് പോലെ അടുത്ത സെക്കന്റില്‍ ചില്ലില്‍ പോണ സ്റ്റെപ്പിട്ടു പിന്നില്‍ തിരിഞ്ഞു സിബ്ബിടുകയും ചെയ്യുകയായിരുന്നു.

പ്രൈവറ്റ് പ്രോപേര്‍ട്ടി പബ്ലിക്‌ ആക്കിയതിന് എങ്ങാനും വെല്ല പണിയും ഹെഡ്മിസ്ട്രെസ്സ്   സോമന് കൊടുത്തിരുന്നെങ്കില് എന്നേക്കാള്‍ രണ്ടടി പൊക്കമുള്ള എന്നാല്‍ ബോധാമൊട്ടുമില്ലാത്ത ഈ ഗഡി എന്നെ പഞ്ഞിക്കിട്ടെനെ...യൂറോപ്പില്‍ പോയതിനുശേഷമാണോന്നറിയില്ല ബുദ്ധിയും വെളുപ്പും വെച്ച് കഴിഞ്ഞതവണ ഇന്ത്യയിലേക്ക് പോകും വഴി ദുബായിലിറങ്ങിയ സോമനെ കാണാന്‍ പോയപ്പോള്‍ ഗഡി ഷേക്ക്‌ഹാന്‍ഡ്‌ തരുന്നതിന് മുമ്പ് സിബ്ബിന്റെ പൊസിഷന്‍ ചെക്ക്‌ ചെയ്യാന്‍ മറന്നില്ല ....    

Tuesday, May 1, 2012

സെക്കന്റ്‌ ഷോ

കൊടുങ്ങ അമ്പിനു ട്യൂബ് ലൈറ്റ്‌ ഇട്ട പോലെ നാലു കട്ടി സ്പീക്കറും എട്ടു ട്യൂട്ടറും ഫിറ്റ്‌ ചെയ്തതിനു ശേഷമാണു വെള്ളിക്കുളങ്ങര മാതാ തിയേറ്റര്‍ ഡോള്‍ബി സറൌണ്ടിംഗ് ആയത്  , 

ടൈറ്റാനിക് കളിച്ചപ്പോ കപ്പലിന്റെ മുന്‍ ഭാഗം തൊട്ടപ്പുറത്തെ കാവുങ്ങ  ആന്‍റപ്പന്‍ ചേട്ടന്റെ പറമ്പിലായിരുന്നെങ്കിലും സ്ക്രീന്‍ കുണ്ട്കുഴിപ്പാടം ബെക്സിയെക്കാളും കോടാലി ശ്രീദേവിയെക്കാളും സൂപ്പര്‍ ആയിരുന്നുവെന്നാണ് തൃശൂര്‍ ഗിരിജ മുതല്‍  കുണ്ട്കുഴിപ്പാടം ബെക്സിവരെയുള്ള തിയേറ്ററുകളുടെ സ്ഥിരം പ്രേക്ഷകനായ ആറ്റിങ്ങ രാജേട്ടന്‍ ബാലന്‍ നായരുടെ കടയില്‍ വെച്ചുള്ള നമ്മള്‍ തമ്മിലില്‍  വായില്‍ കൊള്ളാത്ത ബോണ്ട മുക്കാലും കടിച്ചുപിടുച്ചു കൊണ്ട് പറഞ്ഞത്

സെക്കന്റ്‌ ഷോയ്ക്ക് ഓപ്പറേറ്റര്‍ സുഭാഷേട്ടന്റെ ഉറക്കം വരവിനനുസരിച്ചു  ഓരോ പടത്തിനും റീല്‍ കണക്കിന്  പ്രത്യേകം  എഡിറ്റിങ്ങും ഉണ്ടായിരുന്നു  അത് മാത്രമല്ല പോലീസുകാര്‍  ബീഡി വാങ്ങാന്‍  മാതയുടെ മുമ്പിലൂടെ ജീപ്പ് ഓടിച്ചു പോയാല്‍ പോലും തിയേറ്ററില്‍ ലൈറ്റ്‌ മിന്നുന്ന അത്യാധുനിക സംവിധാനവും കസേരയുടെമേല്‍ കാല് കയറ്റിവെച്ച് ആത്മാവിന് തീ കൊടുക്കുന്നവര്‍ക്കായി ഒരുക്കിയിരുന്നു

വട്ടോളി ജോര്‍ജെട്ടന്റെയും ഷീഫറണ്ണന്റെയും കേബിള്‍ ടിവി വരുന്നതിനു മുമ്പ് വെള്ളിക്കുളങ്ങരയുടെ വിനോദത്തിന്റെ ഫൈനല്‍ ഡെസ്റ്റിനേഷന്‍ മാത തിയേറ്റര്‍ ആയിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അന്നുംഎന്നും  വെള്ളിക്കുളങ്ങരക്കാരും മാത തിയേറ്ററും തമ്മില്‍ രക്തബന്ധമാണ് ഉണ്ടായിരുന്നത് . അത്രയേറെ രക്തമായിരുന്നു അവിടുത്തെ മൂട്ടകള്‍ ഒന്നര ഇഞ്ചിന്റെ സിറിഞ്ച് വെച്ച് വലിചെടുതിരുന്നത് .അതുകൊണ്ട് അവിടുത്തെ മൂട്ടകള്‍ക്കെല്ലാം സുഡാനിപെണ്ണുങ്ങളുടെ ബോഡിലാംഗ്വേജ് ആയിരുന്നെന്നു ദുബായില്‍ വന്നപ്പോളാണ് മനസ്സിലായത്

ആയിടക്ക് മിക്ക ശനിയാഴ്ചയും സെക്കന്റ്‌ ഷോ കാണാന്‍ ഒരു നേര്‍ച്ച പോലെ പോണതിനാല്‍ എങ്ങിനെ ഈ മൂട്ടകടി ഒഴിവാക്കാം എന്നുള്ള ചര്‍ച്ചയില്‍ ഏവര്‍ക്കും സ്വീകാര്യമായ ഒപിനിയന്‍ പറഞ്ഞത് കോര്‍ലയിലുള്ള പെഡല്‍ തോമനെന്ന തോമസ്‌ മത്തായി ആയിരുന്നു

ചാലക്കുടിയിലെ മാര്‍ക്കറ്റില്‍ പച്ചക്കറികച്ചവടം നടത്തുന്ന മത്തേട്ടന്റെ രണ്ടു പെണ്‍മക്കള്‍ക്ക് ശേഷമുള്ള സന്തതി , അന്തക്കെടിന്റെയും പത്തുകുറവിന്റെയും ഞങ്ങടെ നാട്ടിലെ ബ്രാന്‍ഡ്‌ അംബാസഡറായിരുന്നു. ആത്മാര്‍ത്ഥത കൊണ്ട്  അയല്‍ക്കാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടപെട്ടവനായ തോമന്‍ കുട്ടിക്കാലത്ത്  അതിരാവിലെ മുതല്‍ രാത്രി വരെ കടയിലായിരുന്ന അപ്പനെ ഞായറാഴ്ച ഇറച്ചികൊണ്ടുവരുന്ന ചേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്‌. ഒന്ന് മുതല്‍ ഒമ്പത് വരെ എല്ലാ ക്ലാസ്സിലും ഓരോ കൊല്ലം തോറ്റുപഠിച്ചത് കാരണം പത്തില്‍ പഠിക്കാതെ തന്നെ പ്ലസ്‌ ടു ആയിരുന്നു ക്വളിഫികേഷന്‍ എന്നാണ് ഗഡിയുടെ പോളിസി

പവര്‍കട്ടുള്ള ഒരു രാത്രി 
വിമല പാടത്തെ  റോഡിന്റെ  രണ്ടു സൈഡിലൂടെ രണ്ടു എന്ഫീല്‍ട്  വരികയാണെന്ന് വിചാരിച്ചു  വെച്ച് ടിപ്പെറിന്റെ നടുക്കെ സൈക്കിള്‍  കൊണ്ടിടിച്ചു ടിപ്പറിന്റെ ബമ്പര്‍ കലക്കിയവന്‍, ഫുട്ബോള്‍ കളിച്ചപ്പോ പെനല്‍റ്റി അടിച്ചു ത്രോ അക്കിയവന്‍, കോണ്‍വെന്റില്‍ പഠിക്കണസമയത്ത് വേസ്റ്റ് കൊണ്ടിട്ടു നിറയായ കിണറിന്റെ അടുത്ത് നില്‍ക്കണ തെങ്ങിന് പുക കിട്ടാന്‍ വേണ്ടി കിണറു കത്തിച്ചു ഒരാഴ്ച ക്ലാസ്സ്‌ മുടക്കിയവന്‍ , എംടിവിയില്‍ രാത്രി പന്ത്രണ്ടരക്ക് ദി ഗ്രൈന്‍ഡ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ അയല്‍വക്കത്ത് കല്യാണത്തിനു പോയ വീട്ടുകാര്‍ കേറി വന്നപ്പോ കമ്പിളി പുതപ്പെടുത്തു ടിവി മൂടിവെച്ചവനുമായ തോമന്‍ വെള്ളിക്കുളങ്ങരയില്‍ ഫേമസ് ആയതു സ്വാതന്ത്ര്യ ദിനത്തിന് സൊസൈറ്റി ജങ്ങ്ഷനില്‍   സൈക്കിള്‍ റേസ്‌ നടത്തിയപ്പോ പങ്കെടുക്കാതെ സമ്മാനം വാങ്ങിയപ്പോഴാണ്

ഫിനിഷിംഗ് പൊയന്റില്‍ കരീമണ്ണന്റെ കടേല് കൊടുക്കാനുള്ള എഴുപത്തഞ്ചു കിലോയുടെ റബ്ബര്‍ഷീറ്റും വെച്ച് സൈക്കിള്‍ റേസിന്റെ കൊടിയും പിടിച്ചു എല്ലാവരെയും വെട്ടിച്ചു വന്നപ്പോ കൂടുതലന്നെഷിക്കാതെ കപ്പെടുത്തു കൊടുത്തത് മെമ്പറുടെ തെറ്റ്, എന്നാ കാര്യം പറഞ്ഞു അത് തിരിച്ചു കൊടുക്കാതെ അതും കൊണ്ട് വീട്ടിലേക്കു പാഞ്ഞതു കയ്യിലുള്ള പത്തു കുറവിനു പുറമേ അഡീഷണല്‍ യോഗ്യതയായ ഒറ്റ ഗിയര്‍ സ്വഭാവം ഉള്ളത്കൊണ്ട് മാത്രമായിരുന്നു

തലേന്ന് രാത്രി മത്തായെട്ടന്‍ "നാളെ കൊടകര പോണട്രാ .." ന്നു പറഞ്ഞപ്പോ പിറ്റേ ദിവസം കൂടുതലൊന്നും ചിന്തിക്കാതെ എട്ടേകാലിന്റെ ബിജോയ്ക്ക് കൊടകരയില്‍ പോയി ഗരുഡയില്‍നിന്നും രണ്ടപ്പവും ഒരു മുട്ടക്കറിയും കഴിച്ചു ഹോളിഫാമിലിയിലെ പിള്ളേരെല്ലാം ക്ലാസ്സില്‍ കയറിയെന്ന് ഉറപ്പുവരുത്തിയശേഷം തിരിച്ചുവരുമ്പോഴാണ് ഈ ഐഡിയ ഞങ്ങളോട് പറഞ്ഞത്

മൂട്ട കടിക്കാതിരിക്കാന്‍ ഗുസ്തിക്ക് പോണപോലെ എണ്ണ തേച്ചും തിയേറ്ററില്‍ ചന്ദനത്തിരി കത്തിച്ചുവെച്ചും പലവിധ പരീക്ഷണങ്ങള്‍ നടത്തിയിട്ടും മൂട്ടകടി കുറയാതെ സഹികെട്ട ഞങ്ങള്‍ക്ക് ന്യൂസ്‌പേപ്പര്‍ വിരിച്ചു ഇരിക്കാംഎന്ന ഐഡിയ പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ ഉത്തരങ്ങള്‍ ഫുള്‍കൈ ഷര്‍ട്ടിന്റെ ഉള്ളുലെഴുതി കൊണ്ട്പോയി കോപ്പിഅടിക്കാം എന്ന യുണിവേഴ്സല്‍ ലോജിക് കിട്ടിയപോലെയായിരുന്നു ...(ആറ്റം ബോംബും റോക്കെറ്റ്‌ കണ്ടുപിടുത്തവും ഇതിനു പിന്നിലേ വരൂ ..) എന്നാലും ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് എന്നാണല്ലോ പഴഞ്ചൊല്ല് ....

ശനിയാഴ്ച ബ്രഹമാന്‍ഡ പടം ട്വിസ്ടെര്‍ കാണാന്‍ ഞങ്ങടെ ടീംസ് എത്തിയത് 
പതിവ്പോലെ ജങ്ങ്ഷനിലെ   കപ്പേളകഴിഞ്ഞുള്ള ഇരുട്ടില്‍ നാടന്‍ പാട്ടില്‍ റാപ്പും ചേര്‍ത്തിട്ടുള്ള അവതാള രാഗത്തിലുള്ള ഒളിയിടല്‍ കൊണ്ടാണ്.. തിയേറ്റര്‍ വരെ ഒരു എന്ജോയ്‌മെന്റ് ..ല്ലാണ്ടെന്ത്

ആസ് പെര്‍ ഔര്‍ ഡിസ്കഷന്‍ സമാധാനത്തിന്റെ വെള്ളരിപ്രവ് എന്നാ പോലെ സൈക്ലിന്റെ കാരിയറില്‍ ഒരു കെട്ടു മലയാളമനോരമയുടെ  ന്യൂസ്‌പേപ്പരുമായി സൈക്ലിന്റെ പെടലില്‍ ചവിട്ടി തോമനും എളാപ്പന്‍ കുഞ്ഞപ്പനും...ഞാങ്ങളവന്റെ ആത്മാര്‍ത്ഥതയില്‍ അഭിമാനം കൊണ്ടു... റേഷന്‍കടയില്‍ മണ്ണെണ്ണ വാങ്ങാന്‍ നില്‍ക്കുന്ന ശാന്തതയോടെ എല്ലാവരും ഈരണ്ടു ഫുള്‍പേജ്          വാങ്ങി ടിക്കറ്റെടുത്ത് തിയേറ്ററില്‍ കയറി.

തോമന് എന്ത് ഞങ്ങ നിങ്ങ ...
 പടം തുടങ്ങാറായപ്പോഴേക്കും കല്യാണപാര്‍ട്ടിക്ക് ഡക്കറേറ്റ്‌ചെയ്തപോലെ സിനിമ കാണാന്‍ വന്ന എല്ലാവരുടെ കസേരയിലും ന്യൂസ്‌പേപ്പര്‍ വിരിച്ചിരിക്കുന്നു, പടം തുടങ്ങി കൊടുംകാറ്റും അടിച്ചു തുടങ്ങി ആര്‍ക്കും ഒന്നുംമനസ്സിലാവുന്നില്ലെങ്കിലും തോമന്‍ ഞങ്ങളുടെ മുമ്പത്തെ റോയില്‍ എളെപ്പന്റെ കൂടെയിരുന്നു സിനിമയില്‍ മുഴുകി അല്ലെങ്കിലും അക്ഷന്‍ സിനിമയും കോമഡി പടവും തോമന്റെ അടുത്ത് ഇരുന്നു കാണുന്നത് അഫ്ഘാനിസ്ഥാനില്‍ പെട്ടിക്കട തുടങ്ങുന്നത് പോലിരിക്കും..തമാശ കേട്ടാ അടുത്തിരിക്കുന്നവന്റെ ഷോള്‍ഡര്‍ ഇടിച്ചു ഓടിക്കും ആക്ഷന്‍ പടം കണ്ടാല്‍ വയറ്റിലിടിച്ചു ലിവര്‍ നീര് വരുത്തും !

അങ്ങിനെ കുറേനാളുകള്‍ക്ക് ശേഷം സമാധാനമായി ഇന്റര്‍വെല്‍ ആയി ജമാല്‍ക്കാടെ കടെന്നു കട്ടന്‍ ചായയും പപ്പടവടയും കഴിച്ചു പറ്റിലെഴുതി തിരിച്ചുവന്നപോ തോമന്‍ പറയുന്നത്കേട്ടു ഇനി പടം കലക്കും

എളെപ്പന്‍ കുഞ്ഞപ്പെട്ടന്‍ ഒരു സിസ്സര്‍ കത്തിക്കും ലൈറ്റ്‌ മിന്നും അത്  കളയും രണ്ടുമൂന്ന് തവണ ഇതാവര്‍ത്തിച്ചപ്പോ   ദേഷ്യം വന്ന് "ന്ദൂട്ടെട ശവ്യെ"ന്ന് പറഞ്ഞ് 
അവസാന സിസര്‍ വലിച്ചെറിഞ്ഞത് അടുത്ത സീറ്റിലെക്കായിപോയി. രണ്ടു  മിനിറ്റു കഴിഞ്ഞില്ലാ തീ തീന്നു പറഞ്ഞു ഒച്ചയും ബഹളവും കേട്ട തോമന്‍ സംഗതിപന്തിയല്ലാന്നു കണ്ട് "വന്നേ എളെപ്പാ"ന്നു പറഞ്ഞു പൂച്ച കോഴിക്കുഞ്ഞിനെ കൊണ്ടുപോകുംപോലെ ചാണ്ടിചേട്ടന്‍ സംക്രാന്തിക്കു പോര്‍ക്കിനെ കൊണ്ടു പോകുംപോലെ കുട്ടിക്ക സിമെന്റ് ചാക്ക് കൊണ്ടു പോണപോലെ എളെപ്പനെ പൊക്കിയെടുത്ത് ഒരറ്റ പോക്കാ

പേപ്പര്‍ കൊണ്ടുവന്നതും കത്തിച്ചതും ഞങ്ങളാണല്ലോന്ന ടെന്‍ഷനില്‍ ആഞ്ഞുചവിട്ടിയ തോമന്‍ എല്‍പി സ്കൂളിന്റെ ഷാര്‍പ്പ് വളവില്‍ ഷാര്‍പായി വീശിയോടിച്ചത് ഗുരുത്വാകര്‍ഷണബലം ഉണ്ടെന്നുള്ളതിന് മറ്റൊരു തെളിവായിരുന്നു.ഇടതു കയ്യും കുത്തി വീണ എളെപ്പന്‍ വായില്‍ കൊള്ളാത്ത മുട്ടന്‍ തെറിക്കായ്‌ എണീറ്റ്‌ വാ തുറക്കുന്നതിന് മുമ്പേ തോമന്‍ വീടെത്താറായിരുന്നു.

ഇറങ്ങളെപ്പാന്ന് പറഞ്ഞ് പന്നില്‍ നോക്കിയ തോമന്‍ ദ് വ്ട്യാ പൊയ്യേന്ന് പറഞ്ഞ് റിട്ടേണ്‍ വന്നപ്പോളാണ് കയ്യും കാലും തിരുമ്മി ഇരുട്ടെത്തിരിക്കണ കുഞ്ഞപ്പേട്ടനെ കണ്ടത് 


വന്നപാടെ തോമന്‍ നെഞ്ചുംവിരിച്ച്  ചോദിചൂത്രേ   "എളെപ്പനെന്തുട്ട് കോപ്പാ പേടിചിട്ട് ഇവിടിരിക്കണെന്നേയ് ഞാനില്ലേന്ന് കൂടെ..

ഇതിനു ശേഷം തോമനുമായി സഹവാസം നിറുത്തിയ എളെപ്പന്‍ കയ്യും കാലും ഉളുക്കി വീട്ടിലും,സ്വഭാവത്തിന് യാതൊരുമാറ്റം വന്നില്ലെങ്കിലും അപ്പനെ സഹായിക്കാന്‍ തോമന്‍ ചാലക്കുടിയിലും സെറ്റില്‍ ആയ പിറ്റേ ആഴ്ച സെക്കന്റ്‌ഷോക്ക് ടിക്കെറ്റെടുക്കാന്‍ നേരം തോമനെ കാത്തു നിന്നെങ്കിലും തോമന്‍ വന്നത് സിനിമതുടങ്ങിയതിനു ശേഷമായിരുന്നു കൂടെ ഒരു കേട്ട് മാതൃഭൂമി പേപ്പര്‍ ഞങ്ങള്‍ക്ക് മാത്രമായ്‌ ....

കഴിഞ്ഞാഴ്ച തീപെട്ടി പോയതിനു തീ തീ ന്നു വിളിച്ചുപറഞ്ഞ മോനോടി ടീംസ് അവിടെ തന്നിരുപ്പുണ്ട്....ബി കെയര്‍ഫുള്‍