Thursday, June 7, 2012

അമരീഷ് പുരി സുബ്രേട്ടന്‍

അങ്ങാടീലെ പഞ്ചായത്ത് കിണറിനെ അത് മുടീട്ടും  സുബ്രേട്ടന്റെ കിണര്‍ എന്നറിയപ്പെട്ടിരുന്നത് ആ ഒരു ഒടുക്കത്തെ വീഴ്ച്ചയുടെ ആഫ്റ്റര്‍ ഇഫെക്ടായിട്ടയിരുന്നു

കോപം ക്രോധം ദേഷ്യം എന്നിവയുടെ പര്യായമായിരുന്നു സുബ്രേട്ടന്‍.അതായത് ഒരീച്ച വന്നു മൂക്കിലിരുന്നാ ആ ഈച്ചയുടെ അപ്പാപ്പന്റെ തന്തക്ക് വരെ തെറി വിളിക്കുന്ന സൌമ്യസ്വഭാവം.എന്തൊക്കെയുണ്ട് സുബ്രേട്ടാ വിശേഷങ്ങളെന്നു ചോദിച്ചാല്‍ നിന്‍റമ്മേനോട് പോയി ചോദിക്കെടാ ചെക്കാന്നു പറയേണ കുശലാന്വേഷണചാരുത  അതുകൊണ്ട് ആളുടെ വീട്ടിലെ പട്ടി കുരക്കുന്നത് ഞങ്ങടെ വീട്ടിലെ പൂച്ച ഏമ്പക്കം വിടുന്നത് പോലായിയിരുന്നു.കോഴികള്‍ മുട്ട ഇട്ടാല്‍ വരെ കൂവാതെ കാര്‍ത്യേടത്തീടെ മുന്നീ വന്നു ഒന്ന് ഞെളിഞ്ഞു "ദേ സാധനം മ്മേ ഡെലിവറി ചെയ്തിട്ടുണ്ട് ട്ടാ"ന്ന് ഇന്റിക്കെഷന്‍ കൊടുക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ .

പാറപ്പുറത്തു കല്ലിട്ടോരക്കണ നല്ല ഗുമ്മു സൌണ്ട്, ആറടി പൊക്കത്തില്‍ നല്ല കാപ്പിക്കുരുവിന്റെ കളറില്‍ കടഞ്ഞെടുത്തിരിക്കണ പോലുള്ള ആള്‍ടെ ബോഡിക്കാകെയോരാപവാദം എട്ടാം മാസത്തെ ഗര്‍ഭം (വേണമെങ്കില്‍ ഒരു മാസം കുറക്കാം ) പോലുള്ള വയറായിരുന്നു.

ഈ ജിമ്മന്‍ ബോഡി കാണിക്കാനാണോന്നറിയില്ല ഫാഷന്‍ ടിവിയിലെ മോഡല്‍സിന്റെ പോലായിരുന്നു ഈ കുരുപ്പിന്റെ ഡ്രെസ്സിങ്ങ്.ഒരു ലാര്‍ജ്‌ "സ്മാള്‍" ഉള്‍കൊള്ളാന്‍ കഴിയുന്ന തെശ്ശേരിക്കുളം പോലെയുള്ള പൊക്കിളിനു ഒരു ചാണ്‍ താഴെ,വയറ് അവസാനിക്കുന്ന ഭാഗത്ത്നിന്നും തുടങ്ങുന്ന മുണ്ട് കേറ്റിമടക്കികുത്തി മുട്ടുകാലിനു രണ്ടു ചാണ്‍ മേലെ അവസാനിച്ചിരുന്നു മുണ്ടിന്റെ വിസ്തീര്‍ണ്ണം പിന്നെ ഷോള്‍ഡറില്‍ ഒരു തോര്‍ത്തുമുണ്ടും. ഈ വേഷത്തില് മരം കീറാന്‍ കോടാലിയും കൊണ്ട് നിക്കണ സുബ്രേട്ടനെ പിന്നീന്നു കണ്ടാല്‍ സെര്‍വ് ചെയ്യാന്‍ നിക്കണ സെറീനാ വില്ല്യംസാന്നേ ആരും പറയൂ

കശ്മീര്‍ താഴ്വര പോലെ സുന്ദരമായ "റാംമ് വേ"യില്‍ സുബ്രെട്ടന്റെ ഒന്നര ഏക്കറില്‍ കൊക്കോയും റബ്ബറും ചാംബയും ലൂബിക്കയും ജാതിക്കയും ആളുടെ കൈക്കരുത്തില്‍ വിളഞ്ഞുനിന്നു.അവിടുത്തെ എല്ലാ പണിയും മൂപ്പര് തന്നെയാണ് ഒറ്റയ്ക്ക് ചെയ്തിരുന്നു.

കൊമ്പന്‍ മീശയും കട്ടപിരിയന്‍ പുരികവും മായാവി ചിത്രകഥയിലെ വിക്രമിനെ പോലെ സദാ സമയവും ഗൌരവും തുടിക്കുന്ന ആള്‍ടെ മുഖവുമായിരുന്നു അന്ന് എല്ലാ കുട്ടികളുടെയും പേടിസ്വപ്നം.കുറുമ്പേടുത്താലോ ചോറ് തിന്നാതിരുന്നാലോ അമ്മമാര്‍ കുട്ടികളെ പറഞ്ഞു പേടിപ്പിച്ച "കോക്കു" ഇദ്ദേഹമായിരുന്നു.ഒരു തവണ ആള്‍ടെ വായെന്നു നല്ല പച്ചത്തെറി കേട്ടിട്ടുള്ള വലിയവരും പൂവനെ കണ്ട പെടക്കൊഴികളെ പോലെ ആളോട് മുട്ടാണ്ട് വളരെ ഒതുങ്ങി കഴിഞ്ഞിരുന്നു.

അങ്ങിനെ ആ ഭാഗത്തെ നാട്ടുരാജാവായി വാണിരുന്ന സുബ്രേട്ടന് ആ നാട്ടില്‍ ഒരേയൊരു ശത്രുവേ ഉണ്ടായിരുന്നുള്ളൂ.അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മനു.എന്റെ കൂട്ടുകാരന്‍.ഈര്‍ക്കിലി കൊണ്ടുള്ള നൂറാം കോല്‍ കളിയില്‍ എന്റെ ആജന്മ എനിമി.കല്ലുകളിയില്‍ എന്റെ പാര്‍ട്ട്‌ണര്‍.അരീസക്കായ (ഗോലി) കളിയിലെ ഭാവിവാഗ്ദാനം.  

അടയും ചക്കരയും പോലിരുന്ന അയല്‍വക്കകാരായ മനുവിന്റെയും സുബ്രേട്ടന്റെയും കുടുംബങ്ങള്‍ മനു വളര്‍ന്നു വന്നതോടെ ഇന്ത്യയും പാക്കിസ്ഥാനും പോലായി.വേറൊന്നും കൊണ്ടല്ല, ഫലഭൂയിഷ്ട്ടമായ സുബ്രെട്ടന്റെ പറമ്പിലേക്കുള്ള മനുവിന്റെ നുഴഞ്ഞുകയറ്റം പര്‍വെസ്‌ മുഷാറഫ്‌ കണ്ടിരുന്നെങ്കില്‍ ഒരു ലോഡ്‌ പാക്കിസ്ഥാനികളെ മനുവിന്റെ വീട്ടിലേക്ക് ട്രെയിനിങ്ങിനു അണ്‍ലോഡ്‌ ചെയ്തേനെ.

സ്വന്തം മക്കള്‍ ജാതിക്കാ പൊട്ടിച്ചാല്‍ പോലും തേങ്ങ മടല് കൊണ്ട് വീക്കണ കര്‍ന്നോര്‍ കിലോയ്ക്ക് 220രൂപയുള്ള കൊക്കോ പൊട്ടിച്ചാ എങ്ങിനെ പട്ട മടല് കൊണ്ട് വീക്കാതിരിക്കും?മനുവിന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ മാങ്ങാ പറിയും വെടിവെപ്പും തുടര്‍ന്ന് വന്ന ഈ അതിര്‍ത്തി പ്രദേശത്ത് ഈ കൌണ്ടെര്‍ അറ്റാക്കോടെ യുദ്ധസമാനമായ സാഹചര്യം ഒരുങ്ങി വന്നു

ഈ സ്കഡ് മിസൈലിന് പകരമായി പിറ്റേ ദിവസം രാവിലെ തന്റെ പറമ്പില് സ്ഥിരം പട്രോളിങ്ങിനിറങ്ങിയ സുബ്രെട്ടന് നേരെ മനു ജൈവായുധം പ്രയോഗിച്ചു.സുബ്രേട്ടന്റെ പറമ്പിനു ചേര്‍ന്ന് നില്ക്കണ കശുമാവിന്റെ താഴത്തെ കൊമ്പില്‍ കൂട് കൂട്ടിയ തെനിച്ചകൂട്ടത്തിലെക്ക് കല്ലെടുത്ത്‌ ഒരു കീറാ കീറി.അപകടം മണത്ത സുബ്രേട്ടന്‍ വീട്ടിലേക്ക് ഒരു ഒരുപ്പോക്കായിരുന്നു.സ്പോട്ടില് ടൈംകൌണ്ടര്‍ ഉണ്ടായിരുന്നെങ്കില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ പേര് പോയേനെ.

തേനീച്ച വരെ ദിപ്പെ ഇവിടുണ്ടായ ആളെവിടെപ്പോയീന്നു റഡാര്‍ വെച്ച് അരിച്ചു പെറുക്കീട്ടും കാണാതായപ്പോ സ്റ്റാന്‍ഡില് തിരിച്ചുവന്ന് ഹാള്‍ട്ടായി.തലതിരിവുള്ള രണ്ടു തേനീച്ചമാത്രം തിരിച്ചോടിയ മനുവിന്റെ പള്ളക്കിട്ടു രണ്ടു കുത്ത് കുത്തി എന്‍ജോയ് ചെയ്തു.

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നതിനു ശേഷമുള്ള ബുഷിനെ പോലായി സുബ്രേട്ടന്‍.വീട്ടിലേക്ക് പായുന്നതിനു തൊട്ടുമുമ്പ് തന്റെ മുന്നില്‍ വീണ തേനീച്ചയെ വീക്കിയ കല്ലും കൊണ്ട് പലവട്ടം തോറബോറ കേന്ദ്രീകരിച്ചു നിരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും മനുവിനെ കണ്ടെത്താനായില്ല.സന്ധ്യവരെ കാത്തിരുന്നിട്ടും കാണാതായപ്പോ ആ കല്ല് മടിക്കുത്തില്‍ മുറുക്കാന്‍ പൊതി പോലെ സൂക്ഷിച്ച് പതിവ് ഈവനിംഗ് വാക്കിന് ജങ്ങ്ഷനിലേക്കിറങ്ങി.

ചാരായഷാപ്പിലും തൊട്ടടുള്ള കപ്പേളയില്‍ നോവേനക്കും ബാലന്‍ നായരുടെ കടേലും സീനത്ത്‌ ഹോട്ടലിലും ഗബ്രിയേല്‍ ചേട്ടന്റെ ബാര്‍ബര്‍ ഷോപ്പിലും എന്തിനധികം അങ്ങാടീലുണ്ടായിരുന്ന പോലീസ് സ്റ്റാഷനില്‍വരെ പതിവിലേറെ തിരക്കായിരുന്നു..എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന് പറഞ്ഞപോലെ...

അന്ന് പതിവുള്ള നൂറിനു പകരം ഒരു ഇരുന്നൂറാ പൂശി.തിരക്ക്കാരണം ഷാപ്പിന്റെ പടിയിലുള്ള ഇരുത്തം അന്ന് നേരെ എതിര്‍ വശത്തുള്ള പഞ്ചായത്ത് കിണറിന്റെ കൈവരിയിലാക്കി.വരാനുള്ളത് വഴീ തങ്ങില്ലല്ലോ?നിര്‍മ്മ സോപ്പ്പൊടിയുടെ പത പോലെ പ്രതികാരവും പറ്റും നുരഞ്ഞു പൊന്തി.പെട്ടെന്ന് റോഡിന്റെ എതിര്‍വശത്ത് നൈസ് സ്റ്റൊഴ്സിന്റെ ഉമ്മറത്ത്‌ വര്‍ഗീസുട്ടിചേട്ടന്റെ സുന്ദരി നായക്കുട്ടിയുമായി കുശലാന്വേഷണം നടത്തികൊണ്ടിരിക്കുകയായിരുന്ന നാടന്‍പട്ടിയെ മനുവാണോന്ന് സങ്കല്‍പ്പിചിട്ടാണോന്നറിയില്ല മടിയിലിരുന്ന കല്ല്‌ കൊണ്ട് ഒരറ്റ വീക്കാ വീക്കി.സ്വന്തം കാമുകിയുടെ മുമ്പില്‍വെച്ച് അതും മ്മടെ അത്മാഭിമാനത്തിന് തൊട്ടുതാഴെ കീറ് കിട്ട്യാ ഏതു നടന്‍പട്ടിയും അള്‍സേഷ്യനാവില്ലേ ?ഹ്ഹ്ഴേ...ന്നു അലറി കിണറ്റുകരയില്‍ ഇരിക്കണ സുബ്രേട്ടന് നേരെ ചീറി ഒരു വരവായിരുന്നു.എല്ലാം നിമിഷങ്ങള്‍ക്കകം സംഭവിച്ചത് കാരണം ആ വെപ്രാളത്തില്‍ ഒന്ന് ചെറുതായി കാല് പോക്കിയതെ ആള്‍ക്ക് ഓര്‍മയുള്ളൂ..നല്ല ടൈലിട്ട തറയില്‍ പശു നല്ല സ്മൂത്തായിട്ട് ചാണകമിട്ട പോലെ നദിയ കൊമേനേച്ചി ജിംനാസ്റ്റിക്കില്‍ വെരി കണ്‍ഫര്‍ട്ടബിളായി  ലാന്‍ഡ്‌ ചെയ്യണപോലെ രണ്ടാള്‍ടെ പൊക്കത്തില് വെള്ളമുള്ള കിണറ്റിലേക്ക് സ്ലോമോഷനില്‍ ഒരറ്റ പോക്കാ...  

ആദ്യമായി കിണറ്റില്‍ വീഴുന്നതിന്റെ സന്തോഷത്തില്‍ ഒന്നും രണ്ടും വെള്ളത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ കാര്യം ആളു സാധിച്ചു.നാട്ടുകാര്‍ ഇട്ടു കൊടുത്ത ബക്കറ്റില്‍ "ഹോ ഒന്ന് വിശാലമായി കുളിച്ചു"എന്ന ഭാവത്തില്‍ ചമ്രം പടിഞ്ഞിരുന്ന് സമാധിയിലിരിക്കണ സ്വാമിയെ പോലെ കേറി വന്ന സുബ്രേട്ടന്‍ കണ്ടത് "ഇയാള്‍ക്കിപ്പോ കുളിക്കാന്‍ വേറെവിടെയും സ്ഥലം കണ്ടില്ലേ"ന്ന ഭാവത്തില്‍ തടിച്ചു കൂടിയ ജനങ്ങളുടെ മുമ്പില്‍ ഇടിച്ചു കയറി നില്ക്കണ മനുവിനെയായിരുന്നു.

ഹാര്‍ഡ്‌ ഡിസ്ക് അടിച്ചുപോയ കമ്പ്യൂട്ടര്‍ പോലെ സ്ഥലകാല ബോധം നഷ്ടപെട്ടിരുന്ന സുബ്രേട്ടന്‍ മനുവിനെ കണ്ടപാടെ സ്വിച്ചിട്ട പോലെ മടിക്കുത്തില്‍ തപ്പി നോക്കിയെങ്കിലും കല്ല് പോയിട്ട് മുണ്ട് വരെ ഇല്ലാത്ത അവസ്ഥയില്‍ ഒരു വള്ളി ട്രോസര്‍ എങ്കിലുമുണ്ടല്ലോയെന്നു റിയലൈസ് ചെയ്യുകയും ലോകത്തേറ്റവും വലിയ തെറികള്‍ വിഴുങ്ങികൊണ്ട് നീണ്ട ഒരു നെടുവീര്‍പ്പ് റിലീസ് ചെയ്യുകയും ചെയ്തു.

അന്നുവരെ സുബ്രേട്ടന്റെ മുഖത്തുനോക്കി ചിരിച്ചിട്ടില്ലാത്ത വെള്ളിക്കുളങ്ങരക്കാര്‍ വെളുക്കെ ചിരിക്കുന്നുണ്ടായിരുന്നു ഒരു മാലപ്പടക്കം കണക്കെ...സുബ്രേട്ടന്‍ ആദ്യമായി തിരിച്ചും.....          

Friday, June 1, 2012

ഇറ്റാലിയന്‍ ഫ്രീകിക്ക്‌

ഏതു പോലീസുകാരനും ഒരു പറ്റ് പറ്റും, പട്ടി കടിച്ചാലും ഇങ്ങനെ ഒരു പറ്റ് പറ്റരുതെന്നു വര്‍തുണ്ണിയെട്ടന് എങ്ങന്യാ തോന്നാണ്ടിരിക്ക്യാ..

അത് പോലത്തെ പൂശല്ലേ കിട്ടീത്.
  
"പോയെരാ പണ്ടാറക്കാലാ"ന്നു പറഞ്ഞ് ചൂട്ടുമടല് കൊണ്ട് കൊണ്ടലീസ റൈസിന്റെ മൂത്ത ചേച്ചിയെപ്പോലിരിക്കണ മാളുമ്മായി വര്‍തുണ്ണിയേട്ടന്റെ നെറ്കേം തലേല് അടിച്ച അടി കേട്ട് ഭൂമി രണ്ടായി പിളര്‍ന്നില്ല പൂര്‍ണചന്ദ്രേട്ടന്‍ കഷ്ണങ്ങളായി പോടിഞ്ഞില്ല പകരം സന്ധ്യാനേരത്തെ സ്വര്‍ണനിറമുള്ള വെയിലില്‍ ഊളാക്കുത്തി കളിച്ച തുമ്പികള്‍ സ്റ്റില്‍ ഗിയറിട്ട്നിന്ന് ഒന്ന് നോക്കി,പ്രൈവറ്റ് ബസ്സിലെ കണ്ടക്ടറെ പോലെ തെങ്ങിന്‍ മുകളില്‍ നിന്നും അണ്ണാന്‍ തിരക്കിട്ട് താഴെ വന്ന് എന്തുട്ടിവടെ പ്രശ്നം ആരാ ടിക്കറ്റ്‌ എടുക്കാത്തെ എന്ന മട്ടില്‍ നോക്കിപ്പോയി.

സിറ്റ്വേഷന്‍ ഇത്ര സിമ്പിള്‍ ആയിരുന്നെങ്കിലും നായകന്‍റെ മോന്ത അടൂരിന്റെ പടത്തിലെ ഗോപകുമാറിനേക്കാളും വിജ്രംഭിച്ചിരുന്നു.

യാര്‍ഡ്ലി പൌഡര്‍ ഒക്കെ ഇട്ട് കുട്ടപ്പനായി ജങ്ങ്ഷനിലേക്കിറങ്ങിയ മാപ്ല പാക്‌ കടലെടുക്ക് നീന്താന്‍ പോയി പകുതി വഴിയില്‍ കുളിച്ച് ഉപ്പ് വെള്ളവും കുടിച്ച്  തിരിച്ചുവന്ന മുരളീധരന്റെ പോലെ അപ്പൊ തന്നെ തിരിച്ചു വന്നത് കണ്ടപ്പോ മേരി ചേട്ടത്തി കാര്യമന്വേഷിചെങ്കിലും ഒന്നമര്‍ത്തി മൂളി ഉമ്മറത്തെ ചാരുകസേരയിലിരുന്ന് അനന്തതയിലേക്ക് കണ്ണും നട്ടു മൂപ്പരിരുന്നു.

എന്തൂട്ടാ പറ്റ്യേന്നു മേരിചെട്ടത്തിക്ക് ഒരു പിടുത്തവും കിട്ടിയില്ലെങ്കിലും ഈ സമയം കൊണ്ട് ജങ്ങ്ഷനില്‍ ചില്ലറ കവറേജാണോ ഈ അടിക്ക് കിട്ടിയത്.  

മൂത്തമോന്‍ ഷാബു ഗള്‍ഫില്‍ പോയി വന്ന ആദ്യത്തെ ലീവിന്റന്നു ഈ സംഭവത്തോടെ  സാധാരണക്കാരില്‍ സാധാരണക്കാരനായ ഇന്ത്യന്‍ പാസ്പോര്‍ട്ട്‌ പോലും എടുക്കാത്ത  വര്‍തുണ്ണിയേട്ടന്‍ "ഇറ്റാലിയന്‍ വര്‍തുണ്ണി"യായി വെള്ളികുളങ്ങര ഉപഭൂഖണ്ടത്തില്‍ ഫെയ്മസായി.അതുവരെ ജോനോനുറുമ്പ് കൂട്ടം കൂടിയിരിക്കണ പോലത്തെ രാജ്യമാണ് ഇറ്റലിയെന്നോ ബുര്‍ലുസ്കോണി എന്നാല്‍ ഏതോ ഫോറിന്‍കോണി അല്ല പണ്ടത്തെ സിനിമയിലെ ടിജി രവിയുടെ സ്വഭാവമുള്ള ഇറ്റലിയിലെ   പ്രസിഡന്റ്ടായിരുന്നു എന്നൊന്നും അറിയാത്ത ഇദ്ദേഹം, മാര്‍പാപ്പ ആ കരയിലെ ആളായത് കൊണ്ട് മാത്രം ഐസ് ക്രീം എന്ന് കേള്‍ക്കുമ്പോള്‍ കുഞ്ഞാലികുട്ടിക്കാകുണ്ടാകുന്ന വിഷമം പോലെ ഇറ്റലിയെന്ന് കേള്‍ക്കുമ്പോള്‍ ആള്‍ക്കുണ്ടായില്ല.

അഴകിയ രാവണിനിലെ ഇന്നസെന്റിനെ പോലെ തെക്കേക്കരയിലെ ചെറിയൊരു നാട്ടുപ്രമാണിയും പൊതുകാര്യപ്രവര്‍ത്തകനും പഞ്ചായത്ത് മെമ്പറുമാകാന്‍ ആഗ്രഹിച്ചിരുന്ന അത്യാവശ്യം പൊങ്ങച്ചക്കാരനായ പാവം പാവം ഷോമാന്‍ മാത്രമായിരുന്നു വര്‍തുണ്ണിയെട്ടന്‍.

ഷാബു പത്താം ക്ലാസ്സ്‌ എന്ന ഹൈജമ്പ്‌ ചാടിക്കടക്കാനാകാതെ തണ്ടലും കുത്തിവീണ മൂന്നാം ശ്രമത്തിനു ശേഷം എഡ്യുക്കേഷനൊന്നും ഇനി സ്കോപ്പില്ല എന്ന് പറഞ്ഞ് ടെക്നിക്കല്‍ സൈഡില്‍ ട്രൈ ചെയ്യാന്‍ മധുവേട്ടന്റെ വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡിംഗ് പഠിച്ച് ഗള്‍ഫില്‍പോയി മൂന്ന് നാല് കാര്‍ട്ടൂണ്‍ സാധനങ്ങളും പ്ലാസ്റ്റിക്‌ പുല്ലുപായയും കയ്യില്‍ ടേപ്പ്റെക്കോര്‍ഡറും പിടിച്ചുള്ള വരവില്‍ പതിവിലധികം ആനന്ദപുളകിതനും അഭിമാനപൂരിതനാകുകയും ചെയ്തു.

പെട്ടി പൊട്ടിച്ച് "അപ്പനിഷ്ടമുള്ളതെടുത്തപ്പാ" ന്ന് പറഞ്ഞപ്പോ ഇറച്ചിക്കും മീനിനും വെച്ച നോമ്പ്, വീട്ടണെന്റെന്ന് ബീഫും ചിക്കനും കണ്ടപോലെ ആക്രാന്തമുണ്ടായെങ്കിലും അതെല്ലാം കണ്ട്രോള്‍ ചെയ്തു "എല്ലാം മ്മടോടത്തെയല്ലേ"ന്ന് പറഞ്ഞ് 555ന്റെ ഗള്‍ഫിന്റെ ഐക്കണ്‍ സിഗരെറ്റും ലൈറ്റുറും കളര്‍ഫുള്ളായിട്ടിരിക്കണ   ഷോര്‍ട്ട് ട്രൌസറിന്റെ പാക്കെറ്റുമാണെടുത്തത്.

"മോന്‍ വന്നപ്പോ എന്തിറ്റാ കൊണ്ടന്നേ"ന്ന് ചോദിച്ചവരോട് "ഷോ"ചെയ്യാന്‍ കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ 555ഉം ലൈറ്റുറും "ഇനി എന്തുട്ടാ അവന്‍ കൊണ്ടരാത്തെ,ഇതുവരെ അവന്‍ കൊണ്ടാന്നണ്ട്"ന്ന് പറഞ്ഞ് മുന്നിലും പിന്നിലും ഇറ്റലീന്ന് എഴുതിയ ഷോര്‍ട്ട് ട്രൌസര്‍ വരെ മുണ്ടോന്നു പൊക്കി എല്ലാര്‍ക്കും കാണിച്ചു കൊടുത്തു.

ഇതു തന്നെയാണ് തെക്കേക്കരയിലെ ജാന്‍സിറാണി എന്നറിയപ്പെട്ടിരുന്ന അയല്‍ക്കാരിയും   കാട്ടില്‍ വിറക്‌ വെട്ടാന്‍ പോയ നേരം വിറകിന്റെ കൂടെ തേക്കുംകൂടെ വെട്ടിയപ്പോ "സര്‍ക്കാരിന്റെ മരമല്ലേ എന്തിനാ അത് വെട്ടണെ"ന്ന് സൌമ്യമായി സ്ലോമോഷനില്‍ ലാത്തി ചുഴറ്റി ചോദിച്ച രണ്ടു ഫോറസ്റ്റ്‌ ഗാര്‍ഡ്‌മാരെ ഇന്‍ ഹരിഹര്‍ നഗറിലെ ഫിലോമിനയെ പോലെ വെട്ടുകത്തി കൊണ്ട് തലങ്ങും വിലങ്ങും വെട്ടാനോങ്ങി ഓടിച്ച മാളുമമ്മായിയും ചോദിച്ചത്  "മോന്‍ വന്നപ്പോ എന്തിറ്റാ കൊണ്ടന്നേ"ന്ന്.മിസ്സ്‌ മാളുവുമായിട്ടുള്ള എടാ പോടാ ബന്ധംവെച്ച് വര്‍തുണ്ണിയെട്ടന് ഉത്തരം പറഞ്ഞതും ബാക്കി നാട്ടുകാരോട് പറഞ്ഞ അതേ പോലെ തന്നെയാണ്..!

പക്ഷെ ഒരു വ്യത്യാസം മാത്രം രാവിലെ ഇട്ട "ഇറ്റാലിയന്‍ പ്രോഡക്റ്റ്"ഉച്ചക്ക് ഊണ് കഴിച്ചു ഒന്ന് മയങ്ങാന്‍ നേരം ഊരിയിട്ടത് തിരികെ ഇന്‍സ്റ്റോള്‍ ചെയ്യാതെയാണെന്ന് മാത്രം....

അടികൊണ്ടു തിരിഞ്ഞു നടക്കുമ്പോള്‍ അകെ ഒരു സമാധാനം മാത്രം"കയ്യില് വെട്ടോത്തിയാവഞ്ഞത് നന്നായി അല്ലെങ്കീ...