Friday, June 1, 2012

ഇറ്റാലിയന്‍ ഫ്രീകിക്ക്‌

ഏതു പോലീസുകാരനും ഒരു പറ്റ് പറ്റും, പട്ടി കടിച്ചാലും ഇങ്ങനെ ഒരു പറ്റ് പറ്റരുതെന്നു വര്‍തുണ്ണിയെട്ടന് എങ്ങന്യാ തോന്നാണ്ടിരിക്ക്യാ..

അത് പോലത്തെ പൂശല്ലേ കിട്ടീത്.
  
"പോയെരാ പണ്ടാറക്കാലാ"ന്നു പറഞ്ഞ് ചൂട്ടുമടല് കൊണ്ട് കൊണ്ടലീസ റൈസിന്റെ മൂത്ത ചേച്ചിയെപ്പോലിരിക്കണ മാളുമ്മായി വര്‍തുണ്ണിയേട്ടന്റെ നെറ്കേം തലേല് അടിച്ച അടി കേട്ട് ഭൂമി രണ്ടായി പിളര്‍ന്നില്ല പൂര്‍ണചന്ദ്രേട്ടന്‍ കഷ്ണങ്ങളായി പോടിഞ്ഞില്ല പകരം സന്ധ്യാനേരത്തെ സ്വര്‍ണനിറമുള്ള വെയിലില്‍ ഊളാക്കുത്തി കളിച്ച തുമ്പികള്‍ സ്റ്റില്‍ ഗിയറിട്ട്നിന്ന് ഒന്ന് നോക്കി,പ്രൈവറ്റ് ബസ്സിലെ കണ്ടക്ടറെ പോലെ തെങ്ങിന്‍ മുകളില്‍ നിന്നും അണ്ണാന്‍ തിരക്കിട്ട് താഴെ വന്ന് എന്തുട്ടിവടെ പ്രശ്നം ആരാ ടിക്കറ്റ്‌ എടുക്കാത്തെ എന്ന മട്ടില്‍ നോക്കിപ്പോയി.

സിറ്റ്വേഷന്‍ ഇത്ര സിമ്പിള്‍ ആയിരുന്നെങ്കിലും നായകന്‍റെ മോന്ത അടൂരിന്റെ പടത്തിലെ ഗോപകുമാറിനേക്കാളും വിജ്രംഭിച്ചിരുന്നു.

യാര്‍ഡ്ലി പൌഡര്‍ ഒക്കെ ഇട്ട് കുട്ടപ്പനായി ജങ്ങ്ഷനിലേക്കിറങ്ങിയ മാപ്ല പാക്‌ കടലെടുക്ക് നീന്താന്‍ പോയി പകുതി വഴിയില്‍ കുളിച്ച് ഉപ്പ് വെള്ളവും കുടിച്ച്  തിരിച്ചുവന്ന മുരളീധരന്റെ പോലെ അപ്പൊ തന്നെ തിരിച്ചു വന്നത് കണ്ടപ്പോ മേരി ചേട്ടത്തി കാര്യമന്വേഷിചെങ്കിലും ഒന്നമര്‍ത്തി മൂളി ഉമ്മറത്തെ ചാരുകസേരയിലിരുന്ന് അനന്തതയിലേക്ക് കണ്ണും നട്ടു മൂപ്പരിരുന്നു.

എന്തൂട്ടാ പറ്റ്യേന്നു മേരിചെട്ടത്തിക്ക് ഒരു പിടുത്തവും കിട്ടിയില്ലെങ്കിലും ഈ സമയം കൊണ്ട് ജങ്ങ്ഷനില്‍ ചില്ലറ കവറേജാണോ ഈ അടിക്ക് കിട്ടിയത്.  

മൂത്തമോന്‍ ഷാബു ഗള്‍ഫില്‍ പോയി വന്ന ആദ്യത്തെ ലീവിന്റന്നു ഈ സംഭവത്തോടെ  സാധാരണക്കാരില്‍ സാധാരണക്കാരനായ ഇന്ത്യന്‍ പാസ്പോര്‍ട്ട്‌ പോലും എടുക്കാത്ത  വര്‍തുണ്ണിയേട്ടന്‍ "ഇറ്റാലിയന്‍ വര്‍തുണ്ണി"യായി വെള്ളികുളങ്ങര ഉപഭൂഖണ്ടത്തില്‍ ഫെയ്മസായി.അതുവരെ ജോനോനുറുമ്പ് കൂട്ടം കൂടിയിരിക്കണ പോലത്തെ രാജ്യമാണ് ഇറ്റലിയെന്നോ ബുര്‍ലുസ്കോണി എന്നാല്‍ ഏതോ ഫോറിന്‍കോണി അല്ല പണ്ടത്തെ സിനിമയിലെ ടിജി രവിയുടെ സ്വഭാവമുള്ള ഇറ്റലിയിലെ   പ്രസിഡന്റ്ടായിരുന്നു എന്നൊന്നും അറിയാത്ത ഇദ്ദേഹം, മാര്‍പാപ്പ ആ കരയിലെ ആളായത് കൊണ്ട് മാത്രം ഐസ് ക്രീം എന്ന് കേള്‍ക്കുമ്പോള്‍ കുഞ്ഞാലികുട്ടിക്കാകുണ്ടാകുന്ന വിഷമം പോലെ ഇറ്റലിയെന്ന് കേള്‍ക്കുമ്പോള്‍ ആള്‍ക്കുണ്ടായില്ല.

അഴകിയ രാവണിനിലെ ഇന്നസെന്റിനെ പോലെ തെക്കേക്കരയിലെ ചെറിയൊരു നാട്ടുപ്രമാണിയും പൊതുകാര്യപ്രവര്‍ത്തകനും പഞ്ചായത്ത് മെമ്പറുമാകാന്‍ ആഗ്രഹിച്ചിരുന്ന അത്യാവശ്യം പൊങ്ങച്ചക്കാരനായ പാവം പാവം ഷോമാന്‍ മാത്രമായിരുന്നു വര്‍തുണ്ണിയെട്ടന്‍.

ഷാബു പത്താം ക്ലാസ്സ്‌ എന്ന ഹൈജമ്പ്‌ ചാടിക്കടക്കാനാകാതെ തണ്ടലും കുത്തിവീണ മൂന്നാം ശ്രമത്തിനു ശേഷം എഡ്യുക്കേഷനൊന്നും ഇനി സ്കോപ്പില്ല എന്ന് പറഞ്ഞ് ടെക്നിക്കല്‍ സൈഡില്‍ ട്രൈ ചെയ്യാന്‍ മധുവേട്ടന്റെ വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡിംഗ് പഠിച്ച് ഗള്‍ഫില്‍പോയി മൂന്ന് നാല് കാര്‍ട്ടൂണ്‍ സാധനങ്ങളും പ്ലാസ്റ്റിക്‌ പുല്ലുപായയും കയ്യില്‍ ടേപ്പ്റെക്കോര്‍ഡറും പിടിച്ചുള്ള വരവില്‍ പതിവിലധികം ആനന്ദപുളകിതനും അഭിമാനപൂരിതനാകുകയും ചെയ്തു.

പെട്ടി പൊട്ടിച്ച് "അപ്പനിഷ്ടമുള്ളതെടുത്തപ്പാ" ന്ന് പറഞ്ഞപ്പോ ഇറച്ചിക്കും മീനിനും വെച്ച നോമ്പ്, വീട്ടണെന്റെന്ന് ബീഫും ചിക്കനും കണ്ടപോലെ ആക്രാന്തമുണ്ടായെങ്കിലും അതെല്ലാം കണ്ട്രോള്‍ ചെയ്തു "എല്ലാം മ്മടോടത്തെയല്ലേ"ന്ന് പറഞ്ഞ് 555ന്റെ ഗള്‍ഫിന്റെ ഐക്കണ്‍ സിഗരെറ്റും ലൈറ്റുറും കളര്‍ഫുള്ളായിട്ടിരിക്കണ   ഷോര്‍ട്ട് ട്രൌസറിന്റെ പാക്കെറ്റുമാണെടുത്തത്.

"മോന്‍ വന്നപ്പോ എന്തിറ്റാ കൊണ്ടന്നേ"ന്ന് ചോദിച്ചവരോട് "ഷോ"ചെയ്യാന്‍ കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ 555ഉം ലൈറ്റുറും "ഇനി എന്തുട്ടാ അവന്‍ കൊണ്ടരാത്തെ,ഇതുവരെ അവന്‍ കൊണ്ടാന്നണ്ട്"ന്ന് പറഞ്ഞ് മുന്നിലും പിന്നിലും ഇറ്റലീന്ന് എഴുതിയ ഷോര്‍ട്ട് ട്രൌസര്‍ വരെ മുണ്ടോന്നു പൊക്കി എല്ലാര്‍ക്കും കാണിച്ചു കൊടുത്തു.

ഇതു തന്നെയാണ് തെക്കേക്കരയിലെ ജാന്‍സിറാണി എന്നറിയപ്പെട്ടിരുന്ന അയല്‍ക്കാരിയും   കാട്ടില്‍ വിറക്‌ വെട്ടാന്‍ പോയ നേരം വിറകിന്റെ കൂടെ തേക്കുംകൂടെ വെട്ടിയപ്പോ "സര്‍ക്കാരിന്റെ മരമല്ലേ എന്തിനാ അത് വെട്ടണെ"ന്ന് സൌമ്യമായി സ്ലോമോഷനില്‍ ലാത്തി ചുഴറ്റി ചോദിച്ച രണ്ടു ഫോറസ്റ്റ്‌ ഗാര്‍ഡ്‌മാരെ ഇന്‍ ഹരിഹര്‍ നഗറിലെ ഫിലോമിനയെ പോലെ വെട്ടുകത്തി കൊണ്ട് തലങ്ങും വിലങ്ങും വെട്ടാനോങ്ങി ഓടിച്ച മാളുമമ്മായിയും ചോദിച്ചത്  "മോന്‍ വന്നപ്പോ എന്തിറ്റാ കൊണ്ടന്നേ"ന്ന്.മിസ്സ്‌ മാളുവുമായിട്ടുള്ള എടാ പോടാ ബന്ധംവെച്ച് വര്‍തുണ്ണിയെട്ടന് ഉത്തരം പറഞ്ഞതും ബാക്കി നാട്ടുകാരോട് പറഞ്ഞ അതേ പോലെ തന്നെയാണ്..!

പക്ഷെ ഒരു വ്യത്യാസം മാത്രം രാവിലെ ഇട്ട "ഇറ്റാലിയന്‍ പ്രോഡക്റ്റ്"ഉച്ചക്ക് ഊണ് കഴിച്ചു ഒന്ന് മയങ്ങാന്‍ നേരം ഊരിയിട്ടത് തിരികെ ഇന്‍സ്റ്റോള്‍ ചെയ്യാതെയാണെന്ന് മാത്രം....

അടികൊണ്ടു തിരിഞ്ഞു നടക്കുമ്പോള്‍ അകെ ഒരു സമാധാനം മാത്രം"കയ്യില് വെട്ടോത്തിയാവഞ്ഞത് നന്നായി അല്ലെങ്കീ...  

Wednesday, May 16, 2012

യൂത്ത്‌ഫെസ്റ്റിവല്‍

കോണ്‍വെന്റിലെ യൂത്ത്ഫെസ്റ്റിവല്‍ എന്ന് പറഞ്ഞാല്‍  കണ്ണാടിയുടെ പിന്നിലെ മെര്‍കുറി ചുരണ്ടി സ്കൂളിന്റെ മതിലിനോട് ചേര്‍ന്ന് നില്‍കുന്ന അക്കെഷ്യാ മരം ആണിയടിച്ച് അതില്‍ ഇന്‍സേര്‍ട്ട് ചെയ്തു മരം ഉണക്കല്‍, മിനി സ്റ്റഡിയത്തിന്  പിന്നിലെ കൊലച്ചവാഴയില്‍നിന്നും കോടപ്പിലാകുന്നന്റെ പെടല അടിച്ചുമാറ്റി റബ്ബര്‍കുഴിയില്‍ ഇട്ടു പഴുപ്പിച്ചു തിന്നല്‍ തുടങ്ങിയ ക്ലീഷേകളില്‍ നിന്നും മാറി കലാമത്സരങ്ങളില്‍ കഴിവുതെളിയിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത് "സെവെന്‍ ഡി"യില്‍ പഠിക്കുമ്പോഴായിരുന്നു

വഹാബണ്ണന്റെ ഐസ്ക്രീമിന് മേലെ ഇരിക്കുന്ന ചെറിപ്പഴം പോലെ ലഡ്ഡുവിന് മേലെയിരിക്കുന്ന ഉണക്കമുന്തിരി പോലെ വെള്ളിക്കുളങ്ങരയെന്ന മെട്രോപോളിടിന്‍ വില്ലജിന്റെ തിലകക്കുറിയായിരുന്നു കോണ്‍വെന്റ് സ്കൂള്‍.

ജിയോഗ്രഫികല്ലി കൃത്യമായി പറഞ്ഞാല്‍ വെള്ളികുളങ്ങരയില്‍നിന്നും ചാലക്കുടി റൂട്ടില്‍ മാതാ തിയേറ്റര്‍ കഴിഞ്ഞുള്ള ആദ്യത്തെ ലെഫ്റ്റ്‌ എടുത്തു പിന്നെ കിട്ടുന്ന കയറ്റത്തില്‍  ഓട്ടോറിക്ഷ  ഫസ്റ്റ് ഗിയര്‍ ഇടുന്ന സ്ഥലത്താണ് മ്മടെ സ്കൂള്‍  

ഇന്ത്യയിലെ നമ്പര്‍ വന്‍ സ്കൂളുകള്‍ ഉള്ള ഊട്ടിയിലെ സ്കൂളുകളുടെ പ്രൌഡിയും പത്രാസും അവിടുത്തെ ടീചെഴ്ന്റെയും മദര്‍മാരുടെയും ആത്മാര്‍ത്ഥതയും സ്നേഹവും കൊണ്ട് ഏഴാം ക്ലാസ്സില്‍ പടിയിറങ്ങുന്ന പൂവന്മാര്‍ക്കും പത്തില്‍ ഔട്ടാവുന്ന പെടകള്‍ക്കും ഇത്തിരി അഹങ്കാരവും ഒത്തിരി ഓര്‍മ്മകളും ഈ സ്കൂള്‍ സമ്മാനിച്ചിരുന്നു

കഴിഞ്ഞ രണ്ടു തവണയും യൂത്ത്‌ ഫെസ്റ്റിവലിന്റെ പിറ്റേ ആഴ്ചമുഴുവന്‍ ക്ലാസ്‌മുറിയുടെ വരാന്തയിലും മെയിന്‍സ്റ്റേജിനു പിന്നിലുമായി സ്വന്തവും ഷയറിട്ടതുമായ കുരുത്തകേടിന്റെ പേരില്‍ പോക്കറ്റടികേസില്‍   പോലീസ് സ്റ്റേഷനില്‍ നില്‍ക്കണ പോലെ ക്ലാസിനു പുറത്തുനിന്നതിനാലും പണ്ടേ ദുര്‍ബല ഇപ്പൊ ഗര്‍ഭിണി എന്ന മാതിരി മ്മടെ ക്ലാസ്സിലെ പെണ്‍കുട്ട്യോള്‍ക്കോ മ്മളെ വിലയില്ല എന്നാ പുറത്തു നിന്നതോടുകൂടി അയല്വക്ക ക്ലാസ്സിലെ ഐശ്വര്യാ റായിമാരും മാധുരി ധീക്ഷിത്തുമാരും കൂടി ഞങ്ങളെ കാണുമ്പോ ഡോബര്‍മാന്‍ നാടന്‍പട്ടിയെ നോക്കണപോലെ  നോക്കിയപ്പോ നെഞ്ച് കലങ്ങിയതിനാലും കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ആരാധികമാര്‍ ഏറിവരുന്നത് ഞങ്ങള്‍ റിയലൈസ് ചെയ്തതിനാലും  അടുത്തവര്‍ഷം യൂത്ഫെസ്റ്റിവലിനു ഒരു കലക്ക് കലക്കാന്‍ തന്നെ എല്ലാവരും തീരുമാനിച്ചു.

അതില്‍ ഏറ്റവും ഇന്റെറസ്റ്റ്‌ എടുത്തത്‌ കോടാലിയില്‍ പലചരക്ക് കട നടത്തുന്ന ചന്ദ്രേട്ടന്റെ മോന്‍ സോമന്‍ ആയിരുന്നു.ഗാങ്ങിലെ ഏറ്റവും പടിപ്പിസ്റ്റ്‌,പതിനഞ്ചാം റാങ്കുകാരന്‍,തത്തമ്മചുണ്ടന്‍,പുഷ്പന്‍ ..

വെസ്റ്റിന്‍ഡിസ്  പേസ് ബൌളര്‍ കമ്മിന്‍സിന്റെ മാതിരി ഞെളിഞ്ഞ് നെഞ്ചുന്തി സ്വാഭാവികമായും നടുഭാഗം ഏകദേശം ഡീസല്‍ എന്‍ജിന്‍ഓട്ടോയുടെ പിന്‍ഭാഗം പോലിരിക്കുന്ന ഈ മൊതല് ടൈറ്റുള്ള നീല ബാഗി ജീന്‍സും മഞ്ഞ ടിഷര്‍ട്ടും ഇട്ടുവന്നപ്പോ ജാക്കി ഷെറോഫിന്റെ പോലുണ്ടെന്നു പറഞ്ഞതിന് പല്ലുമിട്ടായിയും മാങ്ങാ അച്ചാറും വാങ്ങി തന്നതിന് ശേഷം എല്ലാ വെള്ളിയഴ്ചയും (ടി ദിവസം യുനിഫോമില്ല) സല്‍മാന്‍ ഖാനും അനില്‍ കപൂറും പേരറിയാവുന്ന സ്റ്റാറുകളോക്കെയും  ആയിത്തീര്‍ന്നു

മുള്ളന്‍പന്നിക്ക് ദേഷ്യം വന്നപോലത്തെ മുടി കാബൂളിവലയിലെ വിനീതിന്റെ പോലുണ്ടെന്ന് പറഞ്ഞപ്പോ ഞങ്ങളൊന്നും മിണ്ടാതിരുന്നത് ഇങ്ങനെ ചില ഉപകാരമോക്കെയുള്ളത് കൊണ്ടായിരുന്നു

ചെമ്പുചിറയിലുള്ള  കലാതിലകം കത്രീന കൈഫിനെ ചുള്ളന്‍ ലൈനാക്കാന്‍ കോടലിയിലുള്ള ഭഗവതീ ഭഗവാന്മാരോന്നും പോരാഞ്ഞ് ചെമ്പ്ചിറവരെ പോയി മിക്ക ദിവസവും തോഴിതിട്ടും ഒളിമ്പിക്സിനു പോയ ഇന്ത്യാക്കാരെപോലെ സൈക്കിള്‍ ചവിട്ടി തിരിച്ചു വരുമ്പോഴാണ് കലാപരമായി ഒന്ന്"മുട്ടി" നോക്കാന്‍ തീരുമാനിച്ചതും യൂത്ത്‌ഫെസ്റ്റിവല്‍ ലാക്കാക്കി  സിനിമാറ്റിക് ഡാന്‍സ് പ്രക്ടിസ് ആരംഭിച്ചതും.

മുക്കാല മുക്കബുല വെച്ചിട്ടുള്ള പ്രക്ടിസുമായി സോമനും ഷുവര്‍ ബെറ്റ്‌ള്ള ഇനങ്ങളായ എബിസി,കോട്ടാ,കപ്പുതട്ടി എന്നിവ ഇല്ലാത്തതിനാല്‍ മെഡല്‍ പ്രതീക്ഷ ഇല്ലാത്ത ഇനങ്ങളായ ക്വിസ്,സമൂഹഗാനം,കഥയെഴുത്ത് എന്നിവയില്‍ ഞങ്ങളും മുന്നോട്ടു പോയി

അങ്ങിനെ ഏഴാം ക്ലാസ്സിലെ യൂത്ത്‌ ഫെസ്റ്റിവല്‍ ദിനം വന്നെത്തി. ജപ്പാനില്‍ നിന്നും ചൈന വഴി തോരണമിട്ട വേദിക്ക്മേലെ സൂര്യേട്ടന്‍ ഉദിച്ചുയര്‍ന്നുനിന്നു.                            

കലാപരിപാടികള്‍ ആരംഭിച്ചു.മോഹിനിയാട്ടം കുച്ചു ഭാരത്നട്ട്യം തുടങ്ങിയ ട്രഡീഷണല്‍ കലകള്‍ കല്യാണത്തിന് വെജിറ്റബിള്‍ ബിരിയാണി കണ്ട നാട്ടുകാരെപോലെ വേണോ വേണ്ടയോന്നാലോചിച്ചു കണ്ടവര്‍ ഗ്ലാമര്‍ ഇനങ്ങളായ ബ്രേക്ക്‌ ഡാന്‍സ് സിനിമാറ്റിക് ഡാന്‍സ് മിമിക്രി മോണോ ആക്ട്‌ തുടങ്ങിയവക്കായി കാത്തിരുന്നു.

എനിക്കായിരുന്നു സോമന്റെ മേക്കപ്പിന്റെ ഫുള്‍ചുമതല. മാര്‍ഗംകളിക്കും തിരുവാതിരകളിക്കും "മദ്രാസ്സില്‍ നിന്നും വന്ന" ഡാന്‍സെഴ്സിന്റെ  പരമാവധി മേക്കപ്പ് സാധനങ്ങള്‍ പുതിയ വീടിനു ആദ്യത്തെ കോട്ട് വൈറ്റ്വാഷ്‌ അടിക്കുന്നപോലെ വാരിപൂശിയപ്പോ തന്നെ ഏതാണ്ട് ചന്തുപൊട്ടു പോലിരിക്കണ സോമന്റെ മുഖം മായാമോഹിനിയെപോലെയായി

അതിനിടയില്‍ സിനിമാറ്റിക്ഡാന്‍സിനു മത്സരിക്കുന്നവരുടെ പേര് അന്നൌണ്‍സ് ചെയ്തതില്‍ സോമന്റെ പേരും കേട്ടോട്കൂടി ഹെഡ്സെറ്റ്‌ ചെവിട്ടില്‍ വെച്ച് പിന്‍ കറണ്ടിന്റെ  പ്ലഗില്‍ കുത്തിയപോലെ ചെറുതായുണ്ടായിരുന്ന വിറ അപസ്മാരം പോലെ ടോപ്‌ ഗിയറിലെത്തി..ധൈര്യവാന്‍

അങ്ങിനെ സോമന്റെ ഊഴമെത്തി. മുക്കാല മുക്കാബുല വെച്ച് തകര്‍ത്തു തുടങ്ങി സോമന്‍. ആദ്യത്തെ മൂന്നു സ്റ്റെപ്പിനു ശേഷമുള്ള ഇടതുകാല് പൊക്കിചാടിയ ആ പോസിലാണ് ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്...വേലിപ്പത്തലില്‍ ശീര്‍ഷാസനം ചെയ്യുന്ന പച്ചിലപാമ്പിന്റെ തലപോലെ എന്തോ ...സൂക്ഷിച്ചു നോക്കി..അതു തന്നെ  ..എന്റെ പുണ്യാളാ എന്താ ഈ കാണണെ.. കോഴിമുട്ടപ്പാറ ഉരുണ്ടുവന്നു എല്ലാരും ഒടെണെന്നാഗ്രഹിച്ചു ..   ഈ നാട്ടാപ്പറ വെയിലത്ത്‌ വലിയോരിടിവെട്ടി കറന്റ് പോയി ഈ പാട്ടൊന്നു നില്‍ക്കണേന്നാശിച്ചു..സ്റ്റേജിനു നടുവിലെ പലക  ഒടിഞ്ഞു സോമന്‍ നിലത്ത്പോണേന്നു പ്രാര്‍ത്ഥിച്ചു...  സോമന്‍ സിബ്ബിട്ടിട്ടില്ല...കത്രീന കൈഫ്‌ ലൈനായില്ലെങ്കിലും സ്കൂളിന്റെ പേര് പോവല്ലെന്ന് നെടുവീര്‍പ്പിട്ടുകൊണ്ട്  തലയില്‍ കൈവെച്ച് മര്‍മ്മത്തില്‍ നോക്കിനില്‍ക്കുന്ന എന്റെ നോട്ടത്തില്‍ എന്തോ പന്തികേട് തോന്നി തപ്പി നോക്കിയ സോമന്റെ മുഖം ബൌള്‍ ചെയ്യുമ്പോള്‍ മുത്തയ്യാമുരളീധാരന്റെ മുഖം പോലാവുകയും ഒന്നും സംഭവിക്കാത്തത് പോലെ അടുത്ത സെക്കന്റില്‍ ചില്ലില്‍ പോണ സ്റ്റെപ്പിട്ടു പിന്നില്‍ തിരിഞ്ഞു സിബ്ബിടുകയും ചെയ്യുകയായിരുന്നു.

പ്രൈവറ്റ് പ്രോപേര്‍ട്ടി പബ്ലിക്‌ ആക്കിയതിന് എങ്ങാനും വെല്ല പണിയും ഹെഡ്മിസ്ട്രെസ്സ്   സോമന് കൊടുത്തിരുന്നെങ്കില് എന്നേക്കാള്‍ രണ്ടടി പൊക്കമുള്ള എന്നാല്‍ ബോധാമൊട്ടുമില്ലാത്ത ഈ ഗഡി എന്നെ പഞ്ഞിക്കിട്ടെനെ...യൂറോപ്പില്‍ പോയതിനുശേഷമാണോന്നറിയില്ല ബുദ്ധിയും വെളുപ്പും വെച്ച് കഴിഞ്ഞതവണ ഇന്ത്യയിലേക്ക് പോകും വഴി ദുബായിലിറങ്ങിയ സോമനെ കാണാന്‍ പോയപ്പോള്‍ ഗഡി ഷേക്ക്‌ഹാന്‍ഡ്‌ തരുന്നതിന് മുമ്പ് സിബ്ബിന്റെ പൊസിഷന്‍ ചെക്ക്‌ ചെയ്യാന്‍ മറന്നില്ല ....    

Tuesday, May 1, 2012

സെക്കന്റ്‌ ഷോ

കൊടുങ്ങ അമ്പിനു ട്യൂബ് ലൈറ്റ്‌ ഇട്ട പോലെ നാലു കട്ടി സ്പീക്കറും എട്ടു ട്യൂട്ടറും ഫിറ്റ്‌ ചെയ്തതിനു ശേഷമാണു വെള്ളിക്കുളങ്ങര മാതാ തിയേറ്റര്‍ ഡോള്‍ബി സറൌണ്ടിംഗ് ആയത്  , 

ടൈറ്റാനിക് കളിച്ചപ്പോ കപ്പലിന്റെ മുന്‍ ഭാഗം തൊട്ടപ്പുറത്തെ കാവുങ്ങ  ആന്‍റപ്പന്‍ ചേട്ടന്റെ പറമ്പിലായിരുന്നെങ്കിലും സ്ക്രീന്‍ കുണ്ട്കുഴിപ്പാടം ബെക്സിയെക്കാളും കോടാലി ശ്രീദേവിയെക്കാളും സൂപ്പര്‍ ആയിരുന്നുവെന്നാണ് തൃശൂര്‍ ഗിരിജ മുതല്‍  കുണ്ട്കുഴിപ്പാടം ബെക്സിവരെയുള്ള തിയേറ്ററുകളുടെ സ്ഥിരം പ്രേക്ഷകനായ ആറ്റിങ്ങ രാജേട്ടന്‍ ബാലന്‍ നായരുടെ കടയില്‍ വെച്ചുള്ള നമ്മള്‍ തമ്മിലില്‍  വായില്‍ കൊള്ളാത്ത ബോണ്ട മുക്കാലും കടിച്ചുപിടുച്ചു കൊണ്ട് പറഞ്ഞത്

സെക്കന്റ്‌ ഷോയ്ക്ക് ഓപ്പറേറ്റര്‍ സുഭാഷേട്ടന്റെ ഉറക്കം വരവിനനുസരിച്ചു  ഓരോ പടത്തിനും റീല്‍ കണക്കിന്  പ്രത്യേകം  എഡിറ്റിങ്ങും ഉണ്ടായിരുന്നു  അത് മാത്രമല്ല പോലീസുകാര്‍  ബീഡി വാങ്ങാന്‍  മാതയുടെ മുമ്പിലൂടെ ജീപ്പ് ഓടിച്ചു പോയാല്‍ പോലും തിയേറ്ററില്‍ ലൈറ്റ്‌ മിന്നുന്ന അത്യാധുനിക സംവിധാനവും കസേരയുടെമേല്‍ കാല് കയറ്റിവെച്ച് ആത്മാവിന് തീ കൊടുക്കുന്നവര്‍ക്കായി ഒരുക്കിയിരുന്നു

വട്ടോളി ജോര്‍ജെട്ടന്റെയും ഷീഫറണ്ണന്റെയും കേബിള്‍ ടിവി വരുന്നതിനു മുമ്പ് വെള്ളിക്കുളങ്ങരയുടെ വിനോദത്തിന്റെ ഫൈനല്‍ ഡെസ്റ്റിനേഷന്‍ മാത തിയേറ്റര്‍ ആയിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അന്നുംഎന്നും  വെള്ളിക്കുളങ്ങരക്കാരും മാത തിയേറ്ററും തമ്മില്‍ രക്തബന്ധമാണ് ഉണ്ടായിരുന്നത് . അത്രയേറെ രക്തമായിരുന്നു അവിടുത്തെ മൂട്ടകള്‍ ഒന്നര ഇഞ്ചിന്റെ സിറിഞ്ച് വെച്ച് വലിചെടുതിരുന്നത് .അതുകൊണ്ട് അവിടുത്തെ മൂട്ടകള്‍ക്കെല്ലാം സുഡാനിപെണ്ണുങ്ങളുടെ ബോഡിലാംഗ്വേജ് ആയിരുന്നെന്നു ദുബായില്‍ വന്നപ്പോളാണ് മനസ്സിലായത്

ആയിടക്ക് മിക്ക ശനിയാഴ്ചയും സെക്കന്റ്‌ ഷോ കാണാന്‍ ഒരു നേര്‍ച്ച പോലെ പോണതിനാല്‍ എങ്ങിനെ ഈ മൂട്ടകടി ഒഴിവാക്കാം എന്നുള്ള ചര്‍ച്ചയില്‍ ഏവര്‍ക്കും സ്വീകാര്യമായ ഒപിനിയന്‍ പറഞ്ഞത് കോര്‍ലയിലുള്ള പെഡല്‍ തോമനെന്ന തോമസ്‌ മത്തായി ആയിരുന്നു

ചാലക്കുടിയിലെ മാര്‍ക്കറ്റില്‍ പച്ചക്കറികച്ചവടം നടത്തുന്ന മത്തേട്ടന്റെ രണ്ടു പെണ്‍മക്കള്‍ക്ക് ശേഷമുള്ള സന്തതി , അന്തക്കെടിന്റെയും പത്തുകുറവിന്റെയും ഞങ്ങടെ നാട്ടിലെ ബ്രാന്‍ഡ്‌ അംബാസഡറായിരുന്നു. ആത്മാര്‍ത്ഥത കൊണ്ട്  അയല്‍ക്കാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടപെട്ടവനായ തോമന്‍ കുട്ടിക്കാലത്ത്  അതിരാവിലെ മുതല്‍ രാത്രി വരെ കടയിലായിരുന്ന അപ്പനെ ഞായറാഴ്ച ഇറച്ചികൊണ്ടുവരുന്ന ചേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്‌. ഒന്ന് മുതല്‍ ഒമ്പത് വരെ എല്ലാ ക്ലാസ്സിലും ഓരോ കൊല്ലം തോറ്റുപഠിച്ചത് കാരണം പത്തില്‍ പഠിക്കാതെ തന്നെ പ്ലസ്‌ ടു ആയിരുന്നു ക്വളിഫികേഷന്‍ എന്നാണ് ഗഡിയുടെ പോളിസി

പവര്‍കട്ടുള്ള ഒരു രാത്രി 
വിമല പാടത്തെ  റോഡിന്റെ  രണ്ടു സൈഡിലൂടെ രണ്ടു എന്ഫീല്‍ട്  വരികയാണെന്ന് വിചാരിച്ചു  വെച്ച് ടിപ്പെറിന്റെ നടുക്കെ സൈക്കിള്‍  കൊണ്ടിടിച്ചു ടിപ്പറിന്റെ ബമ്പര്‍ കലക്കിയവന്‍, ഫുട്ബോള്‍ കളിച്ചപ്പോ പെനല്‍റ്റി അടിച്ചു ത്രോ അക്കിയവന്‍, കോണ്‍വെന്റില്‍ പഠിക്കണസമയത്ത് വേസ്റ്റ് കൊണ്ടിട്ടു നിറയായ കിണറിന്റെ അടുത്ത് നില്‍ക്കണ തെങ്ങിന് പുക കിട്ടാന്‍ വേണ്ടി കിണറു കത്തിച്ചു ഒരാഴ്ച ക്ലാസ്സ്‌ മുടക്കിയവന്‍ , എംടിവിയില്‍ രാത്രി പന്ത്രണ്ടരക്ക് ദി ഗ്രൈന്‍ഡ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ അയല്‍വക്കത്ത് കല്യാണത്തിനു പോയ വീട്ടുകാര്‍ കേറി വന്നപ്പോ കമ്പിളി പുതപ്പെടുത്തു ടിവി മൂടിവെച്ചവനുമായ തോമന്‍ വെള്ളിക്കുളങ്ങരയില്‍ ഫേമസ് ആയതു സ്വാതന്ത്ര്യ ദിനത്തിന് സൊസൈറ്റി ജങ്ങ്ഷനില്‍   സൈക്കിള്‍ റേസ്‌ നടത്തിയപ്പോ പങ്കെടുക്കാതെ സമ്മാനം വാങ്ങിയപ്പോഴാണ്

ഫിനിഷിംഗ് പൊയന്റില്‍ കരീമണ്ണന്റെ കടേല് കൊടുക്കാനുള്ള എഴുപത്തഞ്ചു കിലോയുടെ റബ്ബര്‍ഷീറ്റും വെച്ച് സൈക്കിള്‍ റേസിന്റെ കൊടിയും പിടിച്ചു എല്ലാവരെയും വെട്ടിച്ചു വന്നപ്പോ കൂടുതലന്നെഷിക്കാതെ കപ്പെടുത്തു കൊടുത്തത് മെമ്പറുടെ തെറ്റ്, എന്നാ കാര്യം പറഞ്ഞു അത് തിരിച്ചു കൊടുക്കാതെ അതും കൊണ്ട് വീട്ടിലേക്കു പാഞ്ഞതു കയ്യിലുള്ള പത്തു കുറവിനു പുറമേ അഡീഷണല്‍ യോഗ്യതയായ ഒറ്റ ഗിയര്‍ സ്വഭാവം ഉള്ളത്കൊണ്ട് മാത്രമായിരുന്നു

തലേന്ന് രാത്രി മത്തായെട്ടന്‍ "നാളെ കൊടകര പോണട്രാ .." ന്നു പറഞ്ഞപ്പോ പിറ്റേ ദിവസം കൂടുതലൊന്നും ചിന്തിക്കാതെ എട്ടേകാലിന്റെ ബിജോയ്ക്ക് കൊടകരയില്‍ പോയി ഗരുഡയില്‍നിന്നും രണ്ടപ്പവും ഒരു മുട്ടക്കറിയും കഴിച്ചു ഹോളിഫാമിലിയിലെ പിള്ളേരെല്ലാം ക്ലാസ്സില്‍ കയറിയെന്ന് ഉറപ്പുവരുത്തിയശേഷം തിരിച്ചുവരുമ്പോഴാണ് ഈ ഐഡിയ ഞങ്ങളോട് പറഞ്ഞത്

മൂട്ട കടിക്കാതിരിക്കാന്‍ ഗുസ്തിക്ക് പോണപോലെ എണ്ണ തേച്ചും തിയേറ്ററില്‍ ചന്ദനത്തിരി കത്തിച്ചുവെച്ചും പലവിധ പരീക്ഷണങ്ങള്‍ നടത്തിയിട്ടും മൂട്ടകടി കുറയാതെ സഹികെട്ട ഞങ്ങള്‍ക്ക് ന്യൂസ്‌പേപ്പര്‍ വിരിച്ചു ഇരിക്കാംഎന്ന ഐഡിയ പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ ഉത്തരങ്ങള്‍ ഫുള്‍കൈ ഷര്‍ട്ടിന്റെ ഉള്ളുലെഴുതി കൊണ്ട്പോയി കോപ്പിഅടിക്കാം എന്ന യുണിവേഴ്സല്‍ ലോജിക് കിട്ടിയപോലെയായിരുന്നു ...(ആറ്റം ബോംബും റോക്കെറ്റ്‌ കണ്ടുപിടുത്തവും ഇതിനു പിന്നിലേ വരൂ ..) എന്നാലും ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് എന്നാണല്ലോ പഴഞ്ചൊല്ല് ....

ശനിയാഴ്ച ബ്രഹമാന്‍ഡ പടം ട്വിസ്ടെര്‍ കാണാന്‍ ഞങ്ങടെ ടീംസ് എത്തിയത് 
പതിവ്പോലെ ജങ്ങ്ഷനിലെ   കപ്പേളകഴിഞ്ഞുള്ള ഇരുട്ടില്‍ നാടന്‍ പാട്ടില്‍ റാപ്പും ചേര്‍ത്തിട്ടുള്ള അവതാള രാഗത്തിലുള്ള ഒളിയിടല്‍ കൊണ്ടാണ്.. തിയേറ്റര്‍ വരെ ഒരു എന്ജോയ്‌മെന്റ് ..ല്ലാണ്ടെന്ത്

ആസ് പെര്‍ ഔര്‍ ഡിസ്കഷന്‍ സമാധാനത്തിന്റെ വെള്ളരിപ്രവ് എന്നാ പോലെ സൈക്ലിന്റെ കാരിയറില്‍ ഒരു കെട്ടു മലയാളമനോരമയുടെ  ന്യൂസ്‌പേപ്പരുമായി സൈക്ലിന്റെ പെടലില്‍ ചവിട്ടി തോമനും എളാപ്പന്‍ കുഞ്ഞപ്പനും...ഞാങ്ങളവന്റെ ആത്മാര്‍ത്ഥതയില്‍ അഭിമാനം കൊണ്ടു... റേഷന്‍കടയില്‍ മണ്ണെണ്ണ വാങ്ങാന്‍ നില്‍ക്കുന്ന ശാന്തതയോടെ എല്ലാവരും ഈരണ്ടു ഫുള്‍പേജ്          വാങ്ങി ടിക്കറ്റെടുത്ത് തിയേറ്ററില്‍ കയറി.

തോമന് എന്ത് ഞങ്ങ നിങ്ങ ...
 പടം തുടങ്ങാറായപ്പോഴേക്കും കല്യാണപാര്‍ട്ടിക്ക് ഡക്കറേറ്റ്‌ചെയ്തപോലെ സിനിമ കാണാന്‍ വന്ന എല്ലാവരുടെ കസേരയിലും ന്യൂസ്‌പേപ്പര്‍ വിരിച്ചിരിക്കുന്നു, പടം തുടങ്ങി കൊടുംകാറ്റും അടിച്ചു തുടങ്ങി ആര്‍ക്കും ഒന്നുംമനസ്സിലാവുന്നില്ലെങ്കിലും തോമന്‍ ഞങ്ങളുടെ മുമ്പത്തെ റോയില്‍ എളെപ്പന്റെ കൂടെയിരുന്നു സിനിമയില്‍ മുഴുകി അല്ലെങ്കിലും അക്ഷന്‍ സിനിമയും കോമഡി പടവും തോമന്റെ അടുത്ത് ഇരുന്നു കാണുന്നത് അഫ്ഘാനിസ്ഥാനില്‍ പെട്ടിക്കട തുടങ്ങുന്നത് പോലിരിക്കും..തമാശ കേട്ടാ അടുത്തിരിക്കുന്നവന്റെ ഷോള്‍ഡര്‍ ഇടിച്ചു ഓടിക്കും ആക്ഷന്‍ പടം കണ്ടാല്‍ വയറ്റിലിടിച്ചു ലിവര്‍ നീര് വരുത്തും !

അങ്ങിനെ കുറേനാളുകള്‍ക്ക് ശേഷം സമാധാനമായി ഇന്റര്‍വെല്‍ ആയി ജമാല്‍ക്കാടെ കടെന്നു കട്ടന്‍ ചായയും പപ്പടവടയും കഴിച്ചു പറ്റിലെഴുതി തിരിച്ചുവന്നപോ തോമന്‍ പറയുന്നത്കേട്ടു ഇനി പടം കലക്കും

എളെപ്പന്‍ കുഞ്ഞപ്പെട്ടന്‍ ഒരു സിസ്സര്‍ കത്തിക്കും ലൈറ്റ്‌ മിന്നും അത്  കളയും രണ്ടുമൂന്ന് തവണ ഇതാവര്‍ത്തിച്ചപ്പോ   ദേഷ്യം വന്ന് "ന്ദൂട്ടെട ശവ്യെ"ന്ന് പറഞ്ഞ് 
അവസാന സിസര്‍ വലിച്ചെറിഞ്ഞത് അടുത്ത സീറ്റിലെക്കായിപോയി. രണ്ടു  മിനിറ്റു കഴിഞ്ഞില്ലാ തീ തീന്നു പറഞ്ഞു ഒച്ചയും ബഹളവും കേട്ട തോമന്‍ സംഗതിപന്തിയല്ലാന്നു കണ്ട് "വന്നേ എളെപ്പാ"ന്നു പറഞ്ഞു പൂച്ച കോഴിക്കുഞ്ഞിനെ കൊണ്ടുപോകുംപോലെ ചാണ്ടിചേട്ടന്‍ സംക്രാന്തിക്കു പോര്‍ക്കിനെ കൊണ്ടു പോകുംപോലെ കുട്ടിക്ക സിമെന്റ് ചാക്ക് കൊണ്ടു പോണപോലെ എളെപ്പനെ പൊക്കിയെടുത്ത് ഒരറ്റ പോക്കാ

പേപ്പര്‍ കൊണ്ടുവന്നതും കത്തിച്ചതും ഞങ്ങളാണല്ലോന്ന ടെന്‍ഷനില്‍ ആഞ്ഞുചവിട്ടിയ തോമന്‍ എല്‍പി സ്കൂളിന്റെ ഷാര്‍പ്പ് വളവില്‍ ഷാര്‍പായി വീശിയോടിച്ചത് ഗുരുത്വാകര്‍ഷണബലം ഉണ്ടെന്നുള്ളതിന് മറ്റൊരു തെളിവായിരുന്നു.ഇടതു കയ്യും കുത്തി വീണ എളെപ്പന്‍ വായില്‍ കൊള്ളാത്ത മുട്ടന്‍ തെറിക്കായ്‌ എണീറ്റ്‌ വാ തുറക്കുന്നതിന് മുമ്പേ തോമന്‍ വീടെത്താറായിരുന്നു.

ഇറങ്ങളെപ്പാന്ന് പറഞ്ഞ് പന്നില്‍ നോക്കിയ തോമന്‍ ദ് വ്ട്യാ പൊയ്യേന്ന് പറഞ്ഞ് റിട്ടേണ്‍ വന്നപ്പോളാണ് കയ്യും കാലും തിരുമ്മി ഇരുട്ടെത്തിരിക്കണ കുഞ്ഞപ്പേട്ടനെ കണ്ടത് 


വന്നപാടെ തോമന്‍ നെഞ്ചുംവിരിച്ച്  ചോദിചൂത്രേ   "എളെപ്പനെന്തുട്ട് കോപ്പാ പേടിചിട്ട് ഇവിടിരിക്കണെന്നേയ് ഞാനില്ലേന്ന് കൂടെ..

ഇതിനു ശേഷം തോമനുമായി സഹവാസം നിറുത്തിയ എളെപ്പന്‍ കയ്യും കാലും ഉളുക്കി വീട്ടിലും,സ്വഭാവത്തിന് യാതൊരുമാറ്റം വന്നില്ലെങ്കിലും അപ്പനെ സഹായിക്കാന്‍ തോമന്‍ ചാലക്കുടിയിലും സെറ്റില്‍ ആയ പിറ്റേ ആഴ്ച സെക്കന്റ്‌ഷോക്ക് ടിക്കെറ്റെടുക്കാന്‍ നേരം തോമനെ കാത്തു നിന്നെങ്കിലും തോമന്‍ വന്നത് സിനിമതുടങ്ങിയതിനു ശേഷമായിരുന്നു കൂടെ ഒരു കേട്ട് മാതൃഭൂമി പേപ്പര്‍ ഞങ്ങള്‍ക്ക് മാത്രമായ്‌ ....

കഴിഞ്ഞാഴ്ച തീപെട്ടി പോയതിനു തീ തീ ന്നു വിളിച്ചുപറഞ്ഞ മോനോടി ടീംസ് അവിടെ തന്നിരുപ്പുണ്ട്....ബി കെയര്‍ഫുള്‍

      

Tuesday, April 24, 2012

ജോസേട്ടനെന്ന ഹീറോ ....

വിമല ഗ്രൌണ്ടിലെ പടിഞ്ഞാറേ സൈഡിലെ തോടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വൈകീട്ട് ആസ് യുഷ്വല് ചീട്ടു കളിയുടെ ഇന്റര്‍നാഷണല്‍  കോംപെറ്റീഷന്‍ ആരംഭിച്ചു ..പത്തു പന്ത്രണ്ടു കൊല്ലം മുമ്പാണ് ,ഡിഗ്രീ എന്നാ കുരിശെടുത്തു ചുമക്കുന്ന എനിക്ക് റമ്മി മാത്രമേ കളിക്കനറിയൂ എന്നതിനാലും കഴിഞ്ഞ രണ്ടു ദിവസം മിക്ക കളിയും ജയിച്ചതിനാലും വല്ലാത്തൊരു വെമ്പലായിരുന്നു അന്ന് കളി തുടങ്ങാന്‍ .

ഓണത്തിന് പൂക്കളം ഇട്ട പോലെ എന്റെ കൂടെ കളിയ്ക്കാന്‍ ഇരിക്കുന്നവരെല്ലാം ചീട്ടു കളിയുടെ വിശ്വനാഥന്‍ അനന്തോ ക്രംനിക്കോ അയ പുലികുട്ടന്മാര്‍ ആയിരുന്നു . കൂട്ടത്തില്‍ സൂപ്പര്‍ താരം മൂവാറ്റുപുഴയില്‍ നിന്നും അമ്ബനോളിയില്‍ കോപി പേസ്റ്റ്‌ ആയ ആറ്റിപ്രക്കെ ജോസെട്ടെനാ...ഗ്രൗണ്ടില്‍ എത്തിയപാടെ ഷര്‍ട്ട്‌ ഊരി കല്ലുംമേ ഇടുന്ന ജോസേട്ടന്റെ ബോഡി കാണുമ്പോ ഞായറാഴ്ച ഹനീഫ അണ്ണന്റെ മാവിന്ച്ചുവടുള്ള ഇറച്ചികടയില് കൊടുങ്ങ പള്ളീന്നു കുര്‍ബാന വിടുന്നതിനു മുമ്പ് തൂക്കിയിട്ടിരിക്കണ പോത്തിന്റെ കാല് ഓര്‍മ വരുമായിരുന്നു ആറടി പൊക്കവും അതിനൊത്ത ബോഡിയും അതിനെയും കവച്ചുവെക്കുന്ന പോളിയടിയും ആയിരുന്നു ആളുടെ ഒറ്റനോട്ടത്തിലുള്ള പ്രൊഫൈല്‍..മൊബൈല്‍ ഇല്ലാത്ത അന്നത്തെ കാലത്ത് വിമല ഗ്രൗണ്ടില്‍ നിന്നും അമ്പനോളിയിലുള്ള ആളുടെ വീട്ടിലുള്ള ഭാര്യ റോസിചെട്ടതിയോടു സംസാരിക്കാന്‍ പാകത്തിന് ശബ്ദസൌകുമാര്യവും ഉണ്ടായിരുന്നു 

ഗ്രൗണ്ടില്‍ വന്ന ആദ്യ ദിവസം തന്നെ വയറ് കുറക്കണംന്നു പറഞ്ഞു കളിക്കാനിറങ്ങിയതും ഉരുണ്ടു വന്ന ആദ്യ പന്ത് തന്നെ പെന്‍സില് കൊണ്ട് കുത്താന്‍ ആഞ്ഞു ഓടിയതും അടി കൊള്ളാതെ പന്ത് പിന്നിലേക്ക്‌ ഉരുണ്ടു പോയതും ഞാന്‍ ചത്തേ...ന്നു പറഞ്ഞു മൂരിക്കുട്ടി ചെളിയുള്ള പടത്തേക്കിറങ്ങുന്നത് പോലെ ഗ്രൌണ്ടില് നെഞ്ചിടിച്ചു വീണതും ഫ്ലാഷ് ബാക്ക്. അതിനു ശേഷം ഫുട്ബോള്‍ കളിച്ചാല്‍ തണ്ടല്‍ വിലങ്ങുമെന്നും ചീടുകളിയാണ് ബുദ്ധി വികസിക്കാന്‍ മനുഷ്യര്‍ക്ക് നല്ലതെന്ന ഫിലോസഫി സ്വയം അപ്ലൈ ചെയ്തു ഇവിടെ സെറ്റ്‌അപ്പയത് 

കൊളപ്പുള്ളി അപ്പന്റെ പോലെ പുരികത്തിന് കുറുകെയുള്ള വെട്ടു മൂവാറ്റുപുഴ അമ്പിനു അവിടുത്തെ പേരുകേട്ട ഗുണ്ട വെട്ടിയപ്പോ കയ്യിലുള്ള പൊരിയും കരിമ്പും വേസ്റ്റ് ആക്കണ്ടാന്നു വിചാരിച്ച് തല കൊണ്ട് തടുത്തതാന്ന് പറഞ്ഞപ്പോ പ്രസാധേട്ടനും ബേബിചേട്ടനും തമ്മില്‍ നോക്കിയെങ്കിലും മ്യുട്ട് ആയി ഇരുന്നെയുള്ളൂ 
ആ സംഭവത്തിന്‌ ശേഷം അക്കോര്‍ഡിംഗ്  ടു ഹിം ജോസെട്ടനായിരുന്നു അവിടുത്തെ മെയിന്‍ ഗുണ്ട..ഈ കഥകളെല്ലാം കേട്ട് ഇതെല്ലം സത്യമാണോ അല്ലയോ എന്നറിയാതെ ഞാന്‍ വിട്ട നെടുവീര്‍പ്പ് പത്താം ക്ലാസിലെ മെയിന്‍ പരീക്ഷക്ക്‌ ഇംഗ്ലീഷ് പേപ്പര്‍ കിട്ടിയപ്പോ പോലും ഞാന്‍ വിട്ടിട്ടില്ല...

കുയിലുണ്ണി ചേട്ടന്റെ വിസിലോട് കൂടി അവിടെ ഫുഡ്‌ബോള്‍ കളിയും ഇവിടെ ചീട്ടു കളിയും തുടങ്ങി. അന്ന് ഗ്രൌണ്ടിന്റെ തൊട്ടുള്ള പാടത്തു വാഴയായിരുന്നു വെച്ചിരുന്നത്. കളി തുടങ്ങി അഞ്ചു മിനിറ്റു കഴിഞ്ഞില്ല പോലീസ് വരുന്നെന്നു ആരോ വിളിച്ചു പറഞ്ഞു എല്ലാവരും ചാടി എഴുന്നെല്ക്കുന്നതിനു മുമ്പ് ജോസേട്ടനും പുന്നേലി തോമസേട്ടനും നൂറു മീറ്റര്‍ ഓട്ടത്തിന് വെടിപൊട്ടിയ പോലെ ഓട്ടം തുടങ്ങി കൂടെ ഞാനും. പോലീസു പുല്ലാണെന്ന് അത്ര നേരം പറഞ്ഞുകൊണ്ടിരുന്ന ജോസേട്ടന്‍ പുല്ലു തോടതെയാണ് ഓടുന്നതെന്ന് കൂടെ ഓടിയപ്പോ എനിക്ക് മനസ്സിലായി..മാഷ്ടെ പറമ്പിലെ ആദ്യത്തെ തെങ്ങിന്‍ ചുവടു ചാടിക്കടക്കുന്നതിനിടെ തോമസേട്ടന്‍ വളം ഇട്ട പോലെ തെങ്ങിന്‍ തടത്തില്‍ സ്കൂട്ടായി .. ...

തിരിഞ്ഞു നോക്കാതെ ഓടുന്ന ജോസേട്ടന്‍ ആ വഴി അമ്പനോളിയില്‍ പോകാനാവണം തോട് ചാടിക്കടക്കാന്‍ ഒരു ശ്രമം നടത്തി..ഈശോമാറിയോഔസേപ്പേന്നു ഈണത്തില്‍ പാടി ചാടിയ ജോസേട്ടന് പിഴച്ചു .പണ്ട് ഇന്ത്യ വിട്ടിരുന്ന റോക്കെറ്റ് പോലെ പകുതി വഴിയില്‍ കൈതോല മുള്ളിന്റെ എടേല് ഡോള്‍ബി സൌണ്ടില് പൂത്തിരി കത്തണ പോലെ വെള്ളം മേലോട്ട് തെറിപ്പിച്ചു തോടിന്റെ നടുക്ക് ലാന്റ് ചെയ്തു , വീണപാടെ പിടിക്കെറാ.. പിടിക്കെറാന്നൊരു ഒച്ച കേട്ട് ഞാന്‍ വന്നു നോക്കുമ്പോ രണ്ടു കരയിലെയും കൈതോല പിടിച്ചു കുരിശില്‍ കിടക്കുന്ന പോലെ ജോസേട്ടന്‍ ,ഉടനെ കയ്യില്‍ പിടിച്ച എന്നോട് താഴെ പിടിക്കെടാന്ന് നെപ്പോളിയന്‍ ഇന്നസെന്റിന്റെ സ്റ്റൈലില്‍ റിക്വെസ്റ്റ് കേട്ട് താഴെ നോക്കിയ ഞാന്‍, എന്റെ പള്ളി ....ഓടാണെന്റെ ഇടെല് ജോസേട്ടന്റെ മുണ്ട് അമ്മിണിചേച്ചി പശൂനെ കെട്ടാന്‍ കുത്തി വെച്ച കൊല് പറിചെടുക്കണത് ഞാന്‍ കണ്ടിരുന്നു..എന്നാലും ബാക്കിയുള്ള വള്ളിട്രൌസര്‍ ഞാന്‍ നോക്കിയപ്പോ നല്ല ഒഴുക്കുള്ള തോട്ടില് മലര്‍ന്നു കിടക്കണ ജോസേട്ടന്റെ കാലിന്റെ പെരുവിരലില്‍…ഞാന്‍ കൈയില്‍ നിന്നും  പിടി വിട്ടപ്പോഴേക്കും അതാ പോണു ബാക്കിയുള്ള മാനം...ടൈറ്റാനിക്കിലെ ജാക്കിനെ പോലെ ദേ മുങ്ങിപോണൂ ജോസേട്ടനും...പിന്തിരിഞ്ഞു നോക്കിയപ്പോ പോലിസുമില്ല പട്ടാളവുമില്ല...ഒച്ച കേട്ട് നോക്കിയപ്പോ തേക്കിലയില്‍ പൊതിഞ്ഞ ഇറച്ചി പോലെ വാഴയിലയില്‍ പൊതിഞ്ഞ ജോസേട്ടന്‍ ദേ പോണൂ എന്റെ മനസ്സിലെ ധൈര്യത്തിന്റെ ആള്‍രുപം ....

സത്യത്തില്‍ പോലീസുകാര്‍ വന്നത് സാക്ക് ടൂര്‍ണമെന്റിന്റെ ഉത്ഘാടനത്തിന് എസ്‌ഐ യെ ക്ഷണിച്ചിരുന്നു അതിന്റെ സമയം അറിയാനായിരുന്നു ...അതോട്കൂടി ഏഷ്യാനെറ്റും കൈരളി ടിവിയും ഫ്രീക്വേന്‍സി ചേഞ്ച്‌ ചെയ്യണപോലെ ജോസേട്ടന്‍ പിന്നീട് പോത്തന്‍ചിറ കൊടുങ്ങ സൊസൈറ്റി ജങ്ങ്ഷന്‍ എന്നീ ഫ്രീക്വെന്‍സികളില്‍ മാത്രമായി പിന്നീട്  ലഭ്യമായിരുന്നത് ....ഞാന്‍ ഫുട്ബോളിലെക്കും .... 

Tuesday, April 17, 2012

മൂക്ക്മുട്ടെ ശശി ....

അന്നൊരു ശനിയാഴ്ച, പതിവ് പോലെ കോഴിമുട്ടപ്പാറയില്‍ നിന്നും സൂര്യന്‍ ഫ്ലാഷ് അടിച്ചു തുടങ്ങി ...
പ്രീഡിഗ്രീ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം ഇനി വീണ്ടും പഠിപ്പിന്റെ കുരിശെടുത്തു ചുമക്കണോ അതോ ജോസെപ്പെട്ടന്റെ കൂടെ അപ്പോളോയില് പെയിന്റിംഗ് പണിക്ക് പോയി അടിച്ചുപൊളിക്കണോന്നു ആലോചിക്കണ സമയം ....ബ്ലാക്ക്‌ & വൈറ്റില് എന്തോ സ്വപനം കണ്ടുകിടക്കണ നേരത്ത് ജനലില്‍ ഒരു മുട്ട് ...സമയം 8 മണി , നോക്കിയപ്പോ നമ്മടെ ഒരു സോള്ഗഡി 


മൂക്കുമുട്ടെ ശശി ...മൂക്കുമുട്ടെന്നുള്ളത് അവന്റെ അച്ഛന്റെ ഫുഡിങ്ങിലുള്ള ഇന്റെറസ്റ്റ്‌  കൊണ്ട് നാട്ടുകാര് ഇട്ട സര്‍നയിം ആണ് ..അച്ഛന്റെ പാരമ്പര്യം അവനു കിട്ടിയത് കൊണ്ട് നാട്ടാര് അവനും താങ്ങി ആ പേര് 


ജനല്‍ ഇത്തിരി തുറന്നപാടെ ഗഡി മെസ്സേജ് പാസ്സ് ചെയ്തു ...ഡാ ഒരു സീരിയെസ് ഓപറേഷന്‍ 10 മണിക്ക് വായനശാലയുടെ അടുത്ത് വാ ,ഗഡി തെറിച്ചു ...


ഞാന്‍ ആലോചിച്ചു എന്തുട്ടു ഓപറേഷന്‍..ഇവന്‍ FBI യില്‍ ഒന്നും അല്ലല്ലോ ജോലി


മ്മടെ വീടിന്റെ ഒപ്പോസിറ്റ്‌ പുതുതായി വന്ന വീട്ടിലെ കൊച്ചിനെ ജയന്റെ പോസില് പാറ്റാന്‍ പോണ മീനിന്റെ പോലത്തെ മസില് പിടിച്ച് ട്യൂണ്‍ ചെയ്യലാണ് ജോലി, 


കൊച്ചു കാണാന്‍ വല്യ കൊഴപ്പം ഇല്ലെങ്കിലും സ്വഭാവം വട്ടോളി ജോര്‍ജേട്ടന്റെ അവിടെ വെച്ചിരുന്ന  10അടിടെ ഡിഷ്‌ ആന്റിനയുടെ ക്യാച്ചിംഗ് പവറുള്ള വയ്നോട്ടാ .....കൂടെ തീറ്റ പ്രന്തും ... ആകെയൊരു പ്രശ്നം കിടാവിന്റെ അപ്പനൊരു ജിമ്മനാ ....


ഞാന്‍ കുളിച്ചു മെയിന്‍ വര്‍ക്ക് അയ 2കുറ്റി പൂട്ട്‌ അണ്‍ലോഡ്‌ ചെയ്ത്‌ സ്ഥലത്തെത്തി ...പരിപാടി വേറൊന്നുമല്ല ഇവന്റെ കയ്യിലിരിക്കണ ബുക്ക്‌ ആ കിടാവിന് ഡെലിവറി ചെയ്യണം...പറ്റിയ ആളില്ലാത്ത സ്ഥലം പോലീസ് സ്റെറഷനും  വായനശാലയും കഴിഞ്ഞുള്ള ആ വളവാണ് .... ഞങ്ങള്‍ ഈ പ്ലാനില്‍ അലവിക്കാടെ കടേടെ ഒപ്പോസിറ്റ്‌ ചപ്പാത്തിന്റെ സൈഡില്‍  പൈപിന്റെ അടുതായിട്ട്  ഹാള്‍ട്ട് ആയി .


അന്ന് യുവെഴ്സിലെ  ചുള്ളന്മാര്‍ ബൈക്ക് റെന്റിനു   കോടക്കണ പരിപാടി ഉണ്ട്. അന്ന് എല്ലാ പിള്ളേരും ബൈക്ക്  റെന്റിനു  എടുത്തു ഓടിക്കലാണ് ഹോബി , മ്മടെ സൈഡില്  അര്‍നോള്‍ഡ്‌ വേലയുധേട്ടന്‍ റമ്മിക്ക്ചീട്ടു ഇടുന്ന പോലെ പപ്പടം ഉണക്കാന്‍ ഇടുന്നുണ്ട്. നോക്കിയപ്പോ കിടാവ് പോലീസ് സ്ടഷന്‍ കടന്നു കപ്പേളയുടെ അവിടെ എത്താറായി, 


ആ സമയത്ത് ഒരു ഗഡി ബൈക്ക് ഒരു മാതിരി റൈസ് ചെയ്യണ ഒച്ച ,എന്തോ ഒരു സ്പെല്ലിംഗ് മിസ്ടയ്ക് മണക്കുന്നു അടുത്ത നിമിഷം ആ ചുള്ളന്‍ അക്സിലറെറര്‍ ഫുള്ളാ കൊടുത്ത് ക്ലെച്ചാ വിട്ടു ഞാന്‍ നോക്കിയപ്പോ ബൈക്ക് സെന്റ്‌ അന്തോനീസ് പുണ്യാളന്റെ കുതിര ചാടണ പോലെ ഫ്രന്റ്‌ വീല്‍ പൊങ്ങി ഒരു വരവ് ഇത് കണ്ടു വേലയുധേട്ടന്‍ എന്നെ കൊല്ലാന്‍ വരണേ....ന്നു അലറി വിളിച്ചു ഞങ്ങടെ നേരെ നൂലില്‍ പൊക്കിയ മാതിരി ഒരൊറ്റ ചാട്ടം ഞാന്‍ നോക്കിയപ്പോ ശശിയും വേലയുധേട്ടനും ഇപ്പൊ കല്യാണം കഴിഞ്ഞ കപ്പിള്‍സിനെ  പോലെ എന്റെ തൊട്ടടുത്ത്‌ കെട്ടിപിടിച്ചു നില്ക്കു ന്നു ബുക്ക് താഴെ വീണും കിടക്കുന്നു 


ഈ ഗഡി വീരവാദം മുഴക്കിയിട്ടാണെന്നു തോന്നുന്നു വണ്ടിയെടുത്തത് ഇത് കണ്ടിട്ടാ യുവെഴ്സിലെ  ചുള്ളന്മാര്‍ മമ്മുക്കാടെ സിനിമ കണ്ട ലലെട്ടെന്റെ ഫാന്‍സ്‌കാരെ  പോലെ കൂവലോട് കൂവ് ഗഡി ഇപ്പൊ ശരിയാക്കി തരാടാന്നാ മട്ടില് കോംപ്ലാന്‍ കുടിച്ച കുട്ടിയെ പോലെ വീണ്ടും അക്സിലെറെററാ ഫുള്ളാക്കി ക്ലെച്ചാ വിട്ടു , എല്ലാ കുരിശും നമ്മടെ നെഞ്ചത്ത് എന്നാ മട്ടില് പിന്നെയും ഞങ്ങടെ നേരെ തന്നെ പഴയതിലും ഭീകരമായ ഒരു വരവ് ,ഇത് കണ്ടു കോണ്ടലീസ റൈസിന്റെ കേരള പതിപ്പുള്ള അംബനോളിയില്‍ ഉള്ള ചേച്ചി അപ്പോളോയിലെ സൈറണ്‍ പോലെ നീട്ടി ഒരു കരച്ചിലാ ..... ഈ ഒരു നീക്കം മുന്നേ പ്രതീക്ഷിചിട്ടാവണം വേലയുധേട്ടന്‍ അടുത്ത സെക്ന്റില്‍ വട്ടോളി ജോസേട്ടന്റെ മതിലിന്റെ മേലെ പറന്നെത്തി .... നെറ്കേം തലേല് മച്ചിങ്ങ വീണ മാതിരി കുറച്ചു നേരത്തേക്ക് ഒന്നും എനിക്ക് മനസ്സിലായില്ല ഒരു ജഗ പോഗ ...


...പിന്നെ നോക്കുമ്പോള്‍ മ്മടെ ശശി കാനയില് , ജബ്ബര്‍ക്ക  ഓഫര്‍ ഇട്ടു മീന്‍ വില്കുമ്പോ ആളു കൂടണ പോലെ നിറയെ ആള്‍ക്കാരും  , ബുക്ക് കിടവിന്റെ തൊട്ടു പിറകെ വന്ന തന്തപ്പിടിയുടെ കയ്യിലും, അവിടെ പരുങ്ങി നില്ക്കണ എന്റെ മോത്തെക്കും ബൂക്കിന്റുള്ളിലെ കത്തിലെക്കും മാറി മാറി നോക്കി ,അടുത്ത സെകണ്ടില് പ്‌...ഫാ ന്നു ഒരു ഒച്ചയും പട പടാന്നു കാനയില്‍ കിടക്കുന്ന ശശിയെ വലിച്ചിട്ട് നാലു പൂശും , ആള്‍ സംസാരം കുറവായതിനാല്‍ ഇടീല് നല്ല കോണ്‍സെന്ട്രേഷന്‍  ആയിരുന്നു എന്നാണ് ശശി അമ്മ വീടായ അങ്കമാലിയിലേക്ക് പണിഷ്മെന്റ്റ്‌ ട്രാന്സ്ഫെറിനു മുമ്പായി എന്നോട് പറഞ്ഞത്, എന്നാലും ഇത്രയും തിരക്കിനിടയില്‍ എന്തിനാ ബുക്ക് കൊടുത്തു അടി വാങ്ങ്യെന്നു ഒരു പിടിത്തവും കിട്ടിയില്ല ഇതുവരെ എനിക്ക് .......ശശിക്ക് ആ ബൈക്ക്ഓടിച്ചവനെയും